മലപ്പുറം: ക്ഷേത്രത്തിന് തീപിടിച്ചത് കണ്ട് തീയണക്കാൻ ഓടിയെത്തിയത് മൂന്ന് മുസ്‌ലിം യുവാക്കൾ. തിരൂരിൽ വേട്ടക്കൊരുമകൻ ക്ഷേത്രത്തിനാണ് തീ പിടിച്ചത്. പൂജാരിയാണ് തീയണക്കാൻ ഇവരുടെ സഹായം തേടിയത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പെരുന്നാളിന് വസ്ത്രമെടുക്കുന്നതിനായി പോകും വഴിയാണ് ക്ഷേത്രത്തിൻറെ മേൽക്കൂരക്ക് തീപിടിച്ചത് യുവാക്കൾ കണ്ടത്.
ഓടി വന്ന മുഹമ്മദ് നൌഫലും മുഹമ്മദ് ബാസിലും റസലും ആദ്യമൊന്ന് ശങ്കിച്ചു. അമ്പലത്തിലേക്ക് കയറാൻ പറ്റുമോ, പ്രശ്നമൊന്നുമുണ്ടാവില്ലല്ലോ എന്ന് പൂജാരിയോടും അവിടെയുണ്ടായിരുന്ന നാട്ടുകാരോടും ചോദിച്ചു. കുഴപ്പമൊന്നുമില്ല കയറിക്കോ എന്ന് പൂജാരി പറഞ്ഞതോടെ ഒന്നും നോക്കിയില്ല. എല്ലാവരും ഒരുമിച്ച് നിന്ന് തീയണയ്ക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
“കുറേപ്പേർ ബൈക്കിൽ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നുണ്ടായിരുന്നു. പക്ഷേ അവരൊക്കെ നോക്കിയിട്ട് പോവുകയല്ലാതെ സഹായിക്കാൻ മുന്നോട്ടു വന്നില്ല. ഈ യുവാക്കളാണ് ഞങ്ങളെന്താ ചെയ്യേണ്ടത് എന്ന് ചോദിച്ച് മുന്നോട്ടു വന്നത്. പൈപ്പിടണോ ബക്കറ്റ് വേണോ എന്നൊക്കെ ചോദിച്ചു. ഇവർക്ക് മുകളിൽ കയറാൻ കഴിയും. അവർ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. ഇവരുടെ സഹായം കിട്ടയതു കൊണ്ട് തീ പടരുന്നത് തടയാൻ കഴിഞ്ഞു”- പൂജാരി പറഞ്ഞു.
“എല്ലാവരും മനുഷ്യരല്ലേ. അത്രമാത്രം ഉണ്ടായാൽ മതി മനസ്സിൽ. സഹായിക്കുന്നതിൽ എന്ത് ജാതിയും മതവും”- എന്നാണ് യുവാക്കളുടെ പ്രതികരണം.