അയോധ്യയിൽ ഇന്ന് പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ നടക്കുമ്പോൾ ഒരുക്കിയിരിക്കുന്നത് വമ്പൻ സുരക്ഷാ കവചം. വലിയ ഭക്തജനപ്രവാഹത്തിന് സാക്ഷ്യം വഹിക്കുന്ന ധരംപഥ്, രാംപഥ് മുതൽ ഹനുമാൻഗർഹി അഷർഫി ഭവൻ റോഡ് എന്നിവിടങ്ങളിലെ ഇടവഴികൾ വരെ, പോലീസുകാർ തെരുവുകളിൽ നിരന്തരം പട്രോളിംഗ് നടത്തുകയാണ്. ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സേന (എടിഎസ്) ഉദ്യോഗസ്ഥർ ശനിയാഴ്ചയും അയോധ്യയിൽ പട്രോളിംഗ് നടത്തിയിരുന്നു. നഗരത്തിലെ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള സംയോജിത ശ്രമങ്ങളുടെ ഭാഗമായി അയോധ്യ ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഘടിപ്പിച്ച ഡ്രോണുകളുടെ നിരീക്ഷണത്തിലാണ്. ആന്റി-മൈൻ ഡ്രോണുകളും സജ്ജമാക്കിയിട്ടുണ്ട്.
നഗരത്തിലെ എല്ലാ പ്രമുഖ ക്രോസിംഗുകളിലും മുള്ളുകമ്പികൾ ഘടിപ്പിച്ച ചലിക്കുന്ന ബാരിയറുകൾ സ്ഥാപിച്ചിട്ടുണ്ട്.
10,000 സിസിടിവി ക്യാമറകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഘടിപ്പിച്ച ഡ്രോണുകളും ആളുകളുടെയും പോലീസുകാരുടെയും നീക്കങ്ങൾ നിരീക്ഷിക്കാൻ ഇപ്പോഴും തയ്യാറാണ്. ആന്റി-മൈൻ ഡ്രോണുകൾ ഒരേസമയം കുഴിബോംബുകൾക്കോ സ്ഫോടകവസ്തുക്കൾക്കോ വേണ്ടി നിലം പരിശോധിക്കും. AI ഡ്രോണുകൾ നഗരത്തിലുടനീളം പട്രോളിംഗ് നടത്തും. റെഡ് സോൺ, യെല്ലോ സോൺ എന്നിവയ്ക്ക് പുറമേ അയോധ്യ ജില്ലയിലെ എല്ലാ റോഡുകൾക്കും സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും ക്രമസമാധാന വകുപ്പ് ഡയറക്ടർ ജനറൽ (ഡിജി) പ്രശാന്ത് കുമാർ പറഞ്ഞു.ഭൂമിയിൽ നിന്ന് ഒരു മീറ്റർ ഉയരത്തിൽ പ്രവർത്തിക്കുന്ന ആന്റി-മൈൻ ഡ്രോണുകളിൽ ഭൂഗർഭ സ്‌ഫോടകവസ്തുക്കൾ കണ്ടെത്തുന്നതിനുള്ള സ്പെക്‌ട്രോമീറ്റർ വേവിലെംഗ്ത് ഡിറ്റക്ടർ പോലുള്ള നൂതന സാങ്കേതികവിദ്യകൾ സജ്ജീകരിച്ചിട്ടുണ്ട്.