തൃശൂർ: തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ തീരങ്ങളില്‍ വ്യാപക കടലാക്രമണം. തിരുവനന്തപുരം പുത്തന്‍തോപ്പ്, അടിമലത്തുറ, പൊഴിയൂര്‍, പൂന്തുറ ഭാഗങ്ങളില്‍ കടല്‍ കയറി. വെള്ളവും മണ്ണും അടിച്ചു കയറി മത്സ്യബന്ധന വലകൾ നശിച്ചു.
തൃശൂർ ജില്ലയിലെ പെരിഞ്ഞനം സമിതി ബീച്ച്, കയ്പമംഗലം, വഞ്ചിപ്പുര എന്നിവിടങ്ങളിലാണ് കടലേറ്റം ഉണ്ടായിരിക്കുന്നത്. രാവിലെ കമ്പനിക്കടവ് ഭാഗത്ത് കടൽ ചുഴലി അനുഭവപ്പെട്ടതായും നാട്ടുകാർ പറഞ്ഞു.
തിരുവനന്തപുരത്ത് പൊഴിയൂരിലും കടലാക്രമണം രൂക്ഷമായിരിക്കുകയാണ്. കടലാക്രമണത്തിൽ റോഡ് പൂർണമായും തകർന്നു. മത്സ്യബന്ധന ഉപകരണങ്ങൾക്കും നിരവധി യാനങ്ങൾക്കും നാശം സംഭവിച്ചു.തീരത്തെ വീടുകളിലും വെള്ളം കയറി.
ആലപ്പുഴയിൽ പുറക്കാട്, വളഞ്ഞ വഴി, ചേർത്തല പള്ളിത്തോട് എന്നിവിടങ്ങളിലും ശക്തമായ കടലാക്രമണം ഉണ്ടായി. പള്ളിത്തോടുള്ള നിരവധി വീടുകളിൽ കടൽവെള്ളം കയറി. വളഞ്ഞവഴിയിൽ 10 വീടുകൾ കടലാക്രമണ ഭീഷണിയിലാണ്. രാവിലെ പുറക്കാട് കടൽ ഉൾവലിഞ്ഞിരുന്നു. രണ്ടാഴ്ച്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് കടൽ ഉൾവലിയുന്നത്.
Read Also: വിസാ തട്ടിപ്പ്, മനുഷ്യക്കടത്ത് സംഘങ്ങൾ ഇടുക്കിയിലേക്ക് താവളം മാറ്റുന്നു