കോട്ടയം: കോട്ടയത്ത് സ്കൂൾ ബസ് തലയിലൂടെ കയറിയിറങ്ങി വയോധികൻ മരിച്ചു. കോട്ടയം ഭരണങ്ങാനം മറ്റത്തിൽ ഭൂമിരാജാണ് (80) മരിച്ചത്. റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം നടന്നത്.(school bus accident in kottayam; elder man died)
ഇന്ന് വൈകിട്ട് നാലോടെ ഭരണങ്ങാനം ടൗണിൽ നിന്ന് ചൂണ്ടച്ചേരിയിലേയ്ക്ക് തിരിയുന്ന ജങ്ഷനിലായിരുന്നു ദാരുണസംഭവം ഉണ്ടായത്. ഹോട്ടലിൽ നിന്ന് ചായ കുടിച്ച് ഇറങ്ങിയ ശേഷം റോഡ് മുറിച്ച് കടക്കുകയായിരുന്നു ഭൂമിരാജ്. ഈ സമയം വന്ന ബസ് ഇടിച്ച് റോഡിൽ വീണ ഭൂമിരാജിന്റെ തലയിലൂടെ സ്കൂൾ ബസിന്റെ പിന്നിലെ ചക്രം കയറിയിറങ്ങുകയായിരുന്നു.
ചക്രത്തിൽ കുടുങ്ങിയ ഭൂമിരാജിനെ കുറച്ച് ദൂരം വലിച്ചിഴച്ച ശേഷമാണ് ബസ് നിർത്തിയത്. ചൂണ്ടച്ചേരി സാൻജോസ് പബ്ലിക് സ്കൂളിലെ വിദ്യാർഥികളുമായി പോയ ബസാണ് ഭൂമിരാജിനെ ഇടിച്ചത്. പാലാ പൊലിസും ഫയർ ഫോഴ്സും സ്ഥലത്തെത്തി മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
തമിഴ്‌നാട് സ്വദേശിയായ ഭൂമിരാജും കുടുംബവും 50 വർഷത്തോളമായി ഭരണങ്ങാനത്താണ് താമസിക്കുന്നത്. ഭാര്യ: പരേതയായ അഴകമ്മ. മക്കൾ: ശെൽവരാജ്, ദുരൈരാജ്, രാസാത്തി, നാഗരാജ്, പരേതയായ ജ്യോതി. സംസ്‌കാരം പിന്നീട് നടക്കും.