ന്യൂഡല്‍ഹി: രാജ്യത്ത് ഓരോ എട്ട് മിനിറ്റിലും ഒരു കുട്ടിയെ വീതം കാണാതാകുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടില്‍ സുപ്രീംകോടതി കടുത്ത ആശങ്ക രേഖപ്പെടുത്തി.
ഇത് അതീവ ഗൗരവകരമായ വിഷയമാണെന്ന് ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ദത്തെടുക്കൽ എളുപ്പമാക്കണം: നിയമവിരുദ്ധ വഴികൾ ഒഴിവാക്കാൻ പരിഷ്കാരം അനിവാര്യം
കുട്ടികളെ കാണാതാകുന്നത് തടയാനും ദത്തെടുക്കല്‍ പ്രക്രിയ കാര്യക്ഷമമാക്കാനും കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ശ്രദ്ധിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
ഒരു പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് നാഗരത്‌നയുടെ സുപ്രധാന നിരീക്ഷണം.
“രാജ്യത്ത് ഓരോ എട്ട് മിനിറ്റിലും ഒരു കുട്ടിയെ കാണാതാകുന്നതായി ഒരു പത്രത്തില്‍ ഞാന്‍ വായിച്ചു. ഇത് ഗുരുതരമായ പ്രശ്‌നമാണ്,” ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു.
ദത്തെടുക്കൽ നടപടികൾ സങ്കീർണമായതുകൊണ്ടാണ് കുട്ടികളെ ലഭിക്കാനായി ആളുകൾ നിയമവിരുദ്ധ മാര്‍ഗങ്ങള്‍ തേടാൻ സാധ്യതയെന്നും കോടതി ചൂണ്ടിക്കാട്ടി.
‘ഗുരിയ സ്വയം സേവി സന്‍സ്ഥാന്‍’ എന്ന സന്നദ്ധ സംഘടന നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിർണ്ണായക ഇടപെടല്‍.
പൊതിരെ തല്ലി, വിദ്യാർത്ഥിയെ വലിച്ചെറിഞ്ഞു…ക്രൂരമായി മർദിച്ച മദ്രസ അധ്യാപകന് സസ്പെൻഷൻ
ഡിസംബർ 9 അന്ത്യശാസനം: നോഡൽ ഓഫീസറെ ഉടൻ നിയമിക്കണം
കുട്ടികളെ കാണാതാകുന്ന കേസുകള്‍ കൈകാര്യം ചെയ്യാന്‍ നോഡല്‍ ഓഫീസറെ നിയമിക്കണം എന്ന ആവശ്യവും കോടതി പരിഗണിച്ചു.
ഇതിനായി ആറ് ആഴ്ചത്തെ സമയം വേണമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി ആവശ്യപ്പെട്ടെങ്കിലും സുപ്രീംകോടതി അനുവദിച്ചില്ല.
ഡിസംബര്‍ ഒമ്പതിനകം നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് കോടതി കർശനമായി നിര്‍ദ്ദേശിച്ചു.
പോലീസിനും വിമർശനം: ഏകോപനമില്ലായ്മ തടസ്സമാകുന്നു
കാണാതാകുന്ന കുട്ടികളെ കണ്ടെത്താനുള്ള ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥർക്കിടയിലെ ഏകോപനമില്ലായ്മയെയും കോടതി രൂക്ഷമായി വിമർശിച്ചു.
ഈ ഗുരുതരമായ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ദത്തെടുക്കല്‍ നിയമങ്ങളിലും പ്രക്രിയകളിലും ശ്രദ്ധയൂന്നണം എന്നും കോടതി ആവശ്യപ്പെട്ടു.
രാജ്യത്തെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ അധികാരികൾക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും ബെഞ്ച് ഓർമ്മിപ്പിച്ചു.
English Summary
The Supreme Court of India expressed grave concern over a shocking report stating that a child goes missing every eight minutes in the country, labeling it a “serious problem.” A bench of Justices B V Nagarathna and Augustine George Masih urged the Central Government to focus on streamlining and simplifying the adoption process, suggesting that the current complex procedures might be driving people toward illegal means to obtain children.









