വാട്സാപ്പിൽ വരുന്ന ആ ക്ഷണക്കത്ത് തുറക്കും മുൻപ് സൂക്ഷിക്കുക
സൈബർ കുറ്റകൃത്യങ്ങളിൽ ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന തന്ത്രങ്ങളിലൊന്നാണ് ‘സോഷ്യൽ എൻജിനീയറിങ്’.
ഓഫറുകൾ, ഭീഷണികൾ, സഹായ വാഗ്ദാനങ്ങൾ, ചിലപ്പോൾ കല്യാണക്കുറിപ്പുകളെന്ന രൂപത്തിൽ പോലും നമുക്ക് ലഭിക്കുന്ന നിരവധി സന്ദേശങ്ങൾ ഇതിന്റെ ഭാഗമായേക്കാം.
യഥാർത്ഥമെന്ന തോൽവിയുണ്ടാക്കുന്ന രീതിയിലാണ് ഇത്തരം സന്ദേശങ്ങൾ തട്ടിപ്പുകാർ രൂപകൽപ്പന ചെയ്യുന്നത്. മനുഷ്യരുടെ വികാരങ്ങളെയാണ് സോഷ്യൽ എൻജിനീയറിങ്ങിൽ പ്രധാനമായും ലക്ഷ്യമിടുന്നത്.
ഭയം, ആകാംക്ഷ, കൗതുകം, സന്തോഷം തുടങ്ങിയ ഏതെങ്കിലും ഒരു വികാരം ഉണർത്തി, നമ്മൾ പോലും അറിയാതെ വ്യക്തിഗത വിവരങ്ങൾ ചോർത്തുകയും സാമ്പത്തികവും ഡിജിറ്റലുമായ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്യുകയാണ് ഇവരുടെ ലക്ഷ്യം.
നമുക്ക് പരിചിതമായ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ പേരിൽ വരുന്ന സന്ദേശങ്ങളോടും നിർദേശങ്ങളോടും നമ്മൾ സ്വാഭാവികമായും വിശ്വാസപൂർവമായ സമീപനമാണ് സ്വീകരിക്കുന്നത്.
ഈ വിശ്വാസം മുതലെടുത്തും അതിനൊപ്പം അടിയന്തരത സൃഷ്ടിച്ചും സമ്മർദത്തിലാക്കിയും തട്ടിപ്പുകാർ സോഷ്യൽ എൻജിനീയറിങ് നടപ്പാക്കുന്നു.
സമൂഹമാധ്യമങ്ങളിൽ നമ്മൾ പങ്കുവയ്ക്കുന്ന വ്യക്തിഗത വിവരങ്ങളും ഇവർ വ്യാപകമായി ദുരുപയോഗം ചെയ്യുന്നു. ജോലി, പഠനം, സുഹൃത്തുക്കൾ, താൽപര്യങ്ങൾ തുടങ്ങിയ വിവരങ്ങൾ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ നിന്ന് എളുപ്പത്തിൽ ശേഖരിക്കാൻ സാധിക്കുന്നതിനാൽ, അതനുസരിച്ചുള്ള വ്യക്തിഗത സന്ദേശങ്ങളാണ് തട്ടിപ്പുകാർ തയ്യാറാക്കുന്നത്.
അടുത്തകാലത്ത് വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒരു തട്ടിപ്പാണ് കല്യാണക്കുറിയായി എത്തുന്ന ഫിഷിങ് സന്ദേശങ്ങൾ.
അതുപോലെ, സൗജന്യ പാസ്, ടിക്കറ്റ്, പരിപാടി ക്ഷണം തുടങ്ങിയവയും പരിചയമില്ലാത്ത നമ്പറുകളിൽ നിന്ന് ലഭിക്കാറുണ്ട്.
ഇത്തരം സന്ദേശങ്ങളിൽ സാധാരണയായി ഒരു ലിങ്കോ അറ്റാച്ച്മെന്റോ ഉൾപ്പെടും. ഒരിക്കൽ ക്ലിക് ചെയ്താൽ, ഫോണിൽ ദോഷകരമായ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യപ്പെടുകയോ വ്യക്തിഗത വിവരങ്ങൾ മോഷ്ടിക്കപ്പെടുകയോ ചെയ്യാം.
“സ്പിൻ ആൻഡ് വിൻ” ഗെയിം, ഭാഗ്യക്കുറി നറുക്കെടുപ്പ് തുടങ്ങിയ പേരുകളിൽ സമ്മാനം ലഭിച്ചതായി അറിയിക്കുന്നതും മറ്റൊരു സാധാരണ തട്ടിപ്പാണ്.
പണമോ മൊബൈൽ ഫോണുകളോ ഗിഫ്റ്റ് വൗച്ചറുകളോ സമ്മാനമായി വാഗ്ദാനം ചെയ്ത്, നികുതി അല്ലെങ്കിൽ ഫീസ് എന്ന പേരിൽ ചെറിയ തുക ആവശ്യപ്പെടും. പണം നൽകിയാൽ തട്ടിപ്പുകാർ അപ്രത്യക്ഷമാകും.
കുറിയർ ഡെലിവറി പരാജയപ്പെട്ടുവെന്നോ വിലാസം തെറ്റാണെന്നോ പറഞ്ഞ് ലിങ്ക് അയക്കുന്ന തന്ത്രവും വ്യാപകമാണ്. ബാങ്ക് വിവരങ്ങളും വ്യക്തിഗത ഡേറ്റയും മോഷ്ടിക്കാനാണ് ഇത്തരം ലിങ്കുകൾ ഉപയോഗിക്കുന്നത്.
വാട്സാപ്പിൽ വരുന്ന ആ ക്ഷണക്കത്ത് തുറക്കും മുൻപ് സൂക്ഷിക്കുക
ഉത്സവ ഓഫറുകൾ, സൗജന്യ സമ്മാനങ്ങൾ, എളുപ്പമുള്ള ഓൺലൈൻ ജോലികൾ, തൽക്ഷണം ലോൺ അംഗീകാരം, മുൻകൂട്ടി അംഗീകരിച്ച ക്രെഡിറ്റ് കാർഡ് തുടങ്ങിയവയും സോഷ്യൽ എൻജിനീയറിങ് തട്ടിപ്പുകളുടെ ഭാഗമാണ്.
ഇത്തരം സൈബർ കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ അല്ലെങ്കിൽ ഇരയായാൽ ഉടൻ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകാം.
1930 എന്ന ടോൾഫ്രീ നമ്പറിലൂടെയോ cybercrime.gov.in എന്ന വെബ്സൈറ്റ് വഴിയോ ഓൺലൈനായി പരാതി രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും നിലവിലുണ്ട്.









