ന്യൂയോർക്ക്: ടി20 ലോകകപ്പ് സന്നാഹ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ജയം. ന്യൂയോർക്ക്, നാസ്സു കൗണ്ടി ഇന്റർനാഷണൽ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 62 റൺസിനാണ് ഇന്ത്യൻ ജയം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മുന്നോട്ടുവച്ച 183 റൺസ് എന്ന വിജയലക്ഷ്യം കാണാൻ മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനായില്ല. ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 120 റൺസെടുക്കാനേ ബംഗ്ലാദേശിന് കഴിഞ്ഞുള്ളു.
മഹ്മുദുള്ളയാണ് (40 റിട്ടയേർഡ് ഹർട്ട്) ബംഗ്ലാദേശിന്റെ ടോപ് സ്‌കോറർ. ഷാക്കിബ് അൽ ഹസൻ 28 റൺസെടുത്തു. സൗമ്യ സർക്കാർ (0), ലിറ്റൺ ദാസ് (6), നജ്മുൽ ഹുസൈൻ ഷാന്റോ (0) എന്നിവർ രണ്ടക്കം കാണാതെ പുറത്തായി. തൻസിദ് ഹസൻ (17), തൗഹിദ് ഹൃദോയ് (13), റിൻഷാദ് ഹുസൈൻ (5), ജേക്കർ അലി (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. മഹേദി ഹസൻ (2), തൻസിം ഹസൻ ശാകിബ് (1) പുറത്താവാതെ നിന്നു. ഇന്ത്യക്ക് വേണ്ടി ശിവം ദുബെ, അർഷ്ദീപ് സിംഗ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
32 പന്തിൽ 53 റൺസെടുത്ത റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ഹാർദിക് പാണ്ഡ്യ (23 പന്തിൽ 40) നിർണായക പിന്തുണ നൽകി.
മോശം തുടക്കായിരുന്നു ഇന്ത്യക്ക്. രണ്ടാം ഓവറിൽ തന്നെ സഞ്ജുവിനെ ഷൊറിഫുൾ ഇസ്ലാം വിക്കറ്റിന് മുന്നിൽ കുടുങ്ങി. അംപയറുടെ മോശം തീരുമാനമാണ് ചതിച്ചത്. ബോൾ ലെഗ് സ്റ്റംപിന് പുറത്തേക്ക് പോകുന്നതായിട്ടാണ് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്.
സന്നാഹ മത്സരങ്ങൾക്ക് റിവ്യൂ സംവിധാനം ഏർപ്പെടുത്താത് വിനയായി. സഞ്ജുവിന് പിന്നാലെ ക്രീസിലെത്തിയ പന്ത് അവസരം നന്നായി മുതലെടുത്തു. 49 റൺസ് രോഹിത് ശർമയ്‌ക്കൊപ്പം (23) റൺസ് ഇരുവരും കൂട്ടിചേർത്തു. എന്നാൽ ഏഴാം ഓവറിൽ രോഹിത് മടങ്ങി.
തുടർന്നെത്തിയ സൂര്യകുമാർ യാദവും (18 പന്തിൽ 31) നിർണായക പ്രകടനം പുറത്തെടുത്തു. പന്തിനൊപ്പം 71 റൺസ് ചേർക്കാൻ സൂര്യക്കായി. ഇനിതിനിടെ അർധ സെഞ്ചുറി പൂർത്തിയാക്കി പന്ത് റിട്ടയേർഡ് ഔട്ടായി. നാല് വീതം ഫോറും സിക്‌സും ഉൾപ്പെടുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്‌സ്. വൈകാതെ സൂര്യ പുറത്തായി. ശിവം ദുബെയാണ് (14) പുറത്തായ മറ്റൊരു താരം. ഹാർദിക് പാണ്ഡ്യ (23 പന്തിൽ 40) രവീന്ദ്ര ജഡേജ (4) പുറത്താവാതെ നിന്നു.
ജൂൺ അഞ്ചിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. അയർലൻഡാണ് എതിരാളി. ജൂൺ ഒമ്പതിന് നടക്കുന്ന രണ്ടാം അങ്കത്തിൽ ചിര വൈരികളായ പാകിസ്ഥാനെ ഇന്ത്യ നേരിടും. അമേരിക്കയും കാനഡയുമാണ് ലോകകപ്പിന്റെ ആദ്യ ഘട്ടത്തിൽ ഇന്ത്യയുടെ മറ്റ് എതിരാളികൾ.