ഏറെ ആരാധകരുള്ള ദക്ഷിണേന്ത്യൻ സൂപ്പർ താരമാണ് സാമന്ത. നടൻ നാഗചൈതന്യയുമായുള്ള വിവാഹവും പിന്നീട് വിവാഹമോചനവുമെല്ലാം സിനിമാലോകത്ത് വലിയ ചർച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ സാമന്തയും സംവിധായകൻ രാജ് നിധിമോറും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളാണ് പരക്കുന്നത്.
കഴിഞ്ഞ ദിവസം രാജുമൊത്തുള്ള ചില ചിത്രങ്ങൾ സാമന്ത ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത് ഈ അഭ്യൂഹങ്ങൾ വർധിപ്പിക്കുകയാണ് ചെയ്തത്. തന്റെ ആദ്യ നിർമ്മാണ സംരംഭമായ ശുഭം എന്ന സിനിമയുടെ റിലീസിനോടനുബന്ധിച്ച് പകർത്തിയ ചിത്രങ്ങളിലൊന്നിൽ സാമന്ത രാജിന്റെ തോളിൽ തലചായ്ച്ചിരിക്കുന്ന ചിത്രമാണ് ഇപ്പോഴത്തെ ചർച്ചാവിഷയം.
എന്നാൽ ഇതേദിവസം തന്നെ രാജ് നിധിമോറിന്റെ ഭാര്യ ശ്യാമലി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പും ആരാധകരുടെ സംശയം വർധിപ്പിച്ചു. ‘എന്നെക്കുറിച്ച് ചിന്തിക്കുന്ന, എന്നെ കാണുന്ന, കേൾക്കുന്ന, എന്നെപ്പറ്റി കേൾക്കുന്ന, എന്നോട് സംസാരിക്കുന്ന, എന്നെക്കുറിച്ച് സംസാരിക്കുന്ന, എന്നെക്കുറിച്ച് വായിക്കുന്ന, എന്നെക്കുറിച്ച് എഴുതുന്ന, എന്നെ കണ്ടുമുട്ടുന്ന എല്ലാവർക്കും ഞാൻ സ്‌നേഹവും ആശംസകളും നൽകുന്നു’- എന്നാണ് ശ്യാമലി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
2015ലാണ് സംവിധായകൻ രാജ് നിധിമോറും ശ്യാമലിയും വിവാഹിതരായത്. ഇരുവർക്കും ഒരു മകളുമുണ്ട്. സൈക്കോളജിയിൽ ബിരുദധാരിയായ ശ്യാമലി വിശാൽ ഭരദ്വാജ്, രാകേഷ് ഓംപ്രകാശ് മേഹ്‌റ എന്നീ സംവിധായകർക്കൊപ്പം അസിസ്റ്റന്റ് ഡയറക്‌ടറായി പ്രവർത്തിച്ചിട്ടുണ്ട്.
തിരക്കഥാകൃത്ത് കൂടിയായ ശ്യാമിലി ബോളിവുഡ് ചിത്രങ്ങളായ രംഗ് ദേ ബസന്തി, ഓംകാര, ഏക് നോദിർ ഗോൽപോ എന്നിവയുടെ ക്രിയേറ്റീവ് കൺസൾട്ടന്റായും പ്രവർത്തിച്ചിട്ടുണ്ട്.