ബെംഗളൂരു: ഹുബ്ബള്ളിയില്‍ നിന്ന് കോട്ടയത്തേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുമെന്ന് റെയിൽവേ. ശബരിമല തീര്‍ത്ഥാടനകാലത്തെ യാത്രാത്തിരക്കിന്റെ പശ്ചാലത്തിലാണ് തീരുമാനം. ഈ മാസം 19 മുതല്‍ ജനുവരി 14വരെ ഒമ്പത് സര്‍വീസുകള്‍ ആണ് പ്രത്യേകമായി നടത്തുക.(Sabarimala Pilgrimage Rush; Hubballi- Kottayam train special service)
എസ്എസ്എസ് ഹുബ്ബള്ളി- കോട്ടയം-എസ്എസ്എസ് ഹുബ്ബള്ളി പ്രതിവാര പ്രത്യേക ട്രെയിനാണ് സര്‍വീസ് നടത്തുന്നത്. എസ്എസ്എസ് ഹുബ്ബള്ളിയില്‍ നിന്ന് എല്ലാ ചൊവ്വാഴ്ചയും വൈകീട്ട് 3.15ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം ഉച്ചക്ക് 12ന് കോട്ടയത്തെത്തും. തിരിച്ച് കോട്ടയത്തുനിന്ന് ബുധനാഴ്ച വൈകീട്ട് മൂന്നിന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം ഉച്ചക്ക് ഹുബ്ബള്ളിയിൽ എത്തിച്ചേരും.
ഹാവേരി, റണെബെന്നുര്‍, ഹരിഹര്‍, ദാവണഗെരെ, ബിരുര്‍, അര്‍സിക്കെരെ, തുമകൂരു, ചിക്കബാനവാര, എസ്എംവിടി ബംഗളൂരു, കൃഷ്ണരാജപുരം, ബംഗാരപ്പേട്ട്, സേലം, ഈറോഡ്, തിരുപ്പൂര്‍, പോഡനൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, ഏറ്റുമാനൂര്‍ എന്നിവിടങ്ങളില്‍ ആണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്.