ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ചു. ദ്വാരപാലക ശിൽപ്പപാളികളുമായി ബന്ധപ്പെട്ട കേസിലാണ് കോടതി ജാമ്യം അനുവദിച്ചത്.
കേസിൽ അറസ്റ്റ് ചെയ്ത് 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യം അനുവദിക്കപ്പെട്ടത്. എന്നാൽ കട്ടിളപാളി കേസിൽ കൂടി ജാമ്യം ലഭിച്ചാൽ മാത്രമേ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ കഴിയൂ.
റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിച്ച് പെട്ടെന്ന് ധനികനായ ഉണ്ണികൃഷ്ണൻ പോറ്റി, പിന്നീട് ശബരിമലയിലെ പ്രധാന സ്‌പോൺസർമാരിൽ ഒരാളായി മാറുകയായിരുന്നു.
ശബരിമലയും മറ്റ് സംസ്ഥാനങ്ങളിലെ അയ്യപ്പ ഭക്തരും തമ്മിലുള്ള ഇടനിലക്കാരനെന്ന നിലയിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹത്തെക്കുറിച്ച് പുറത്തുവരുന്ന വിവരങ്ങൾ ബെംഗളൂരുവിലെ ശ്രീരാമപുര അയ്യപ്പ ക്ഷേത്രത്തിലെ ഭക്തരെ അമ്പരപ്പിച്ചിരിക്കുകയാണ്.
തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിനടുത്തുള്ള പുളിമാത്താണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്വദേശം. പുളിമാത്ത് ദേവക്ഷേത്രത്തിലെ പൂജാരിയായിരുന്നു അദ്ദേഹത്തിന്റെ പിതാവ്.
ചെറുപ്പം മുതൽ തന്നെ ക്ഷേത്ര പൂജകളിലും ഉത്സവങ്ങളിലും പിതാവിനൊപ്പം സഹായിയായി പ്രവർത്തിച്ചിരുന്ന അദ്ദേഹം, പത്താം ക്ലാസ് വിദ്യാഭ്യാസത്തിനു ശേഷം ബെംഗളൂരുവിലേക്ക് കുടിയേറി.
ബെംഗളൂരുവിലെ ശ്രീരാമപുര അയ്യപ്പ ക്ഷേത്രത്തിൽ വർഷങ്ങളോളം പൂജാരിയായി പ്രവർത്തിച്ചിരുന്ന ഉണ്ണികൃഷ്ണൻ പോറ്റിയെ പിന്നീട് ചില തർക്കങ്ങളുടെ പശ്ചാത്തലത്തിൽ ആ സ്ഥാനത്തിൽ നിന്ന് നീക്കുകയായിരുന്നു.
തുടർന്ന് ശബരിമലയിലെത്തിയ അദ്ദേഹം മുഖ്യ പരികർമ്മി എന്ന നിലയിൽ പ്രവർത്തിച്ചു. തന്ത്രിമാരുമായി അടുത്ത ബന്ധം സ്ഥാപിച്ചതോടെ സന്നിധാനത്തിലെ സ്വാധീനമുള്ള വ്യക്തികളിലൊരാളായി മാറി.
ശബരിമലയിൽ നേടിയ സ്വാധീനത്തിനിടയിലാണ് അദ്ദേഹം റിയൽ എസ്റ്റേറ്റ് ബിസിനസിലേക്ക് കടന്നതെന്നും, അതുവഴി വലിയ സമ്പത്ത് സമാഹരിച്ചതിനുശേഷമാണ് ക്ഷേത്രത്തിലെ പ്രധാന സ്‌പോൺസറായി മാറിയതെന്നും അന്വേഷണ ഏജൻസികൾ വിലയിരുത്തുന്നു.
തിരുവനന്തപുരം ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ അദ്ദേഹത്തിന് ബിസിനസ് ഇടപാടുകളുണ്ടായിരുന്നുവെന്നും പറയുന്നു.
വിവിധ രാഷ്ട്രീയ നേതാക്കളുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന ഉണ്ണികൃഷ്ണൻ പോറ്റി, ആദ്യകാലത്ത് സിപിഎം അനുഭാവിയായിരുന്നുവെങ്കിലും കർണാടക ജീവിതം അദ്ദേഹത്തെ ബിജെപി അനുകൂലിയാക്കി മാറ്റിയെന്നുമാണ് നാട്ടുകാരുടെ അഭിപ്രായം.
നിലവിൽ അദ്ദേഹം പതിവായി ബെംഗളൂരുവിൽ നിന്ന് വിമാന മാർഗം തിരുവനന്തപുരത്ത് എത്തി മടങ്ങുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു. ആദ്യ ഭാര്യയുടെ മരണത്തിന് ശേഷം വീണ്ടും വിവാഹിതനായ അദ്ദേഹത്തിന്റെ കുടുംബം ഇപ്പോൾ ബെംഗളൂരുവിലാണ് താമസം.
English Summary
The prime accused in the Sabarimala gold theft case, Unnikrishnan Potti, has been granted bail in the case related to the Dwarapalaka idol panels, as the charge sheet was not filed within 90 days. However, his release from jail depends on securing bail in the wooden panel theft case as well.
sabarimala-gold-theft-case-unnikrihnan-potti-gets-bail
Sabarimala, Gold Theft Case, Unnikrishnan Potti, Kerala News, Kollam, Temple Scam, Bail News, Sabarimala Controversy, Real Estate, Crime News









