ഇടുക്കിയിൽ വിവിധ പ്രദേശങ്ങളിൽ നിന്നും മോഷ്ടിക്കുന്ന മലഞ്ചരക്ക് ഉത്പനങ്ങൾ എത്തുന്നത് കട്ടപ്പന കമ്പോളത്തിലേക്കെന്ന് പോലീസിൻ്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും കണ്ടെത്തൽ. (Idukki town as a trading center for stolen goods)
വെള്ളിയാഴ്ച പുലർച്ചെ ഏലത്തോട്ടത്തിൽ നിന്നും ഏലക്കായ ശരത്തോടെ (കുല) വെട്ടിപ്പറിച്ച കേസിലും പ്രതികൾ കട്ടപ്പന നഗരത്തിലാണ് മോഷണ മുതൽ വിറ്റഴിച്ചത്.
അടിമാലിയിൽ കർഷകരുടെ കൈയിൽ നിന്നും 18 കോടി രൂപയുടെ ഏലക്ക തട്ടിയെടുത്ത സംഭവത്തിനും കട്ടപ്പന കമ്പോളവുമായി ബന്ധമുണ്ടായിരുന്നു. തട്ടിയെടുത്ത ഏലക്കയിൽ വലിയൊരു അളവും വിറ്റഴിച്ചത് കട്ടപ്പന കമ്പോളത്തിലാണെന്ന് സൂചനയുണ്ട്.
മുൻപും കട്ടപ്പന കമ്പോളത്തിൽ മോഷണ മുതൽ വാങ്ങുന്നത് പോലീസ് കണ്ടെത്തിയിരുന്നു. ഞായറാഴ്ച പുലർച്ചെ ആളൊഴിഞ്ഞ സമയങ്ങളിൽ മോഷണ മുതൽ വാങ്ങാനായി കട തുറക്കുന്ന വ്യാപാരികളും ഉണ്ട്.
മാസങ്ങൾക്ക് മുൻപ് മോഷ്ടിച്ചു കടത്തിയ ലക്ഷങ്ങളുടെ കുരുമുളക് വാങ്ങിയ സംഭവത്തിൽ വ്യാപാരിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത സംഭവങ്ങളുമുണ്ടായി. തുടർന്ന് അവധി ദിവസങ്ങൾ കേന്ദ്രീകരിച്ച് പുലർച്ചെ കട തുറന്ന് മോഷണ മുതൽ വാങ്ങുന്നതിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതിയും രംഗത്തു വന്നിരുന്നു.
അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ ഒട്ടേറെയാളുകളാണ് ഞായറാഴ്ച ദിവസം പുലർച്ചെ മോഷണ മുതലുമായി കട്ടപ്പന കമ്പോളത്തിൽ എത്തുന്നത്.
ജില്ലയിൽ സ്വന്തമായി കൃഷിയില്ലാത്ത അന്യ സംസ്ഥാന തൊഴിലാളികളുടെ കൈയ്യിൽ നിന്നും മലഞ്ചരക്ക് ഉത്പന്നങ്ങൾ വാങ്ങരുതെന്ന് വ്യാപാര സംഘടനകളും നിർദേശം നൽകിയിരുന്നു.
സംഘടനയിൽ ഇല്ലാത്ത വ്യാപാരികളാണ് മോഷണ മുതൽ വാങ്ങുന്നതെന്നും അവധി ദിവസങ്ങളിൽ പുലർച്ചെ സ്ഥാപനം തുറക്കുന്നതിന് തടയിടണമെന്നും ആവശ്യപ്പെട്ടു വ്യാപാരി സംഘടനകൾ പത്ര സമ്മേളനവും നടത്തിയിരുന്നു.