റൂബിഗ്ലോ പൈനാപ്പിൾ. സാധാരണ പൈനാപ്പിൾ മഞ്ഞനിറത്തിലാണെങ്കിൽ ഇതിന് ചുവപ്പ് നിറമാണ്. പുറംതൊലി മഞ്ഞയും ചുവപ്പും കലർന്ന നിറത്തിലുമാണ്. അമേരിക്കൻ ഭക്ഷ്യ ഭീമനായ ഡെൽ മോണ്ടെ ഏകദേശം 15 വർഷത്തെ ഗവേഷണം നടത്തിയാണ് ഈ പഴം വികസിപ്പിക്കുന്നത്. മെയ് മാസത്തിലാണ് റൂബിഗ്ലോ പൈനാപ്പിൾ യുഎസിലെ മെലിസയുടെ സ്റ്റോറിൽ ആദ്യമായി എത്തുന്നത്. ഇവിടെ നിന്ന് ഈ പൈനാപ്പിൾ വാങ്ങാൻ 33,000 രൂപയോളം നൽകണം.
ഈ പഴത്തിന് മധുരമാണെങ്കിലും വില കേൾക്കുമ്പോൾ നാവൊന്നു പൊള്ളും. ശരാശരി വരുമാനമുള്ള അമേരിക്കക്കാർക്ക് പറഞ്ഞതല്ല ഈ പഴം. റൂബിഗ്ലോയ്ക്ക് അതിന്റേതായ വിപിണിയുണ്ടെന്ന് വിദഗ്ദർ പറയുന്നു. ഉപഭോക്താക്കൾ പ്രത്യേകത തോന്നുന്ന എന്തിനും പണം നൽകാൻ തയ്യാറാണ്. വിൽക്കുന്ന സാധനങ്ങൾക്ക് എന്തെങ്കിലും പ്രത്യേകത തോന്നിയാൽ അതിന്റെ പിറകെ പോകാൻ ചിലരുണ്ടാകും. ഉയർന്ന നിലവാരമുള്ള റെസ്റ്റോറന്റുകളും ഭക്ഷണശാലകളും കൂണുപോലെ മുളയ്ക്കുന്നതിനുള്ള ഒരു കാരണവും ഇതാണ്. അത്തരം ഉൽപ്പന്നങ്ങൾക്ക് അതിന്റേതായ ഒരു വിപണി എപ്പോഴും തുറന്നുവച്ചിട്ടുണ്ടാകും.
ഈ വർഷം 5000 പൈനാപ്പിൾ മാത്രമാണ് ഉൽപ്പാദിപ്പിക്കാൻ സാധിക്കുക എന്നത് മറ്റൊരു പ്രത്യേകതയാണ്. അടുത്ത വർഷം 3000 പൈനാപ്പിൾ മാത്രമാണ് ലഭ്യമാകുകയെന്ന് നിർമ്മാതാക്കൾ പത്രക്കുറിപ്പിൽ അറിയിച്ചു. കൃത്യമായി പറഞ്ഞാൽ, ഈ പൈനാപ്പിൾ എല്ലാ തരം ഉപഭോക്താക്കൾക്കും വേണ്ടിയുള്ളതല്ല. പണപ്പെരുപ്പവും തൊഴിലില്ലായ്മയും കാരണം ജനങ്ങൾ കുറഞ്ഞ ചെലവിൽ ജീവിതം നയിക്കുന്ന സമയത്താണ് ആഡംബര പൈനാപ്പിൾ യുഎസ് വിപണികളിൽ എത്തിച്ചിരിക്കുന്നത്. ഒരു സാധാരണക്കാരൻ വീട്ടിലേക്ക് ആവശ്യമായുള്ള എല്ലാ പലചരക്ക് സാധനങ്ങൾ വാങ്ങിച്ചാൽ പോലും ഈ പൈനാപ്പിളിന്റെ വിലയാകില്ല. ഈ പരിമിതമായ വിതരണമാണ് റൂബിഗ്ലോയുടെ വില അതിശയിപ്പിക്കുന്ന രീതിയിൽ വർദ്ധിക്കാൻ കാരണമായത്. മാത്രമല്ല, ഈ പൈനാപ്പിളിന് ആവശ്യക്കാർ ഏറെയാണെന്നും റിപ്പോർട്ടുണ്ട്.
അമേരിക്കൻ ഭക്ഷ്യ ഭീമനായ ഡെൽ മോണ്ടെ കൂടുതൽ ഇനം പൈനാപ്പിൾ വികസിപ്പച്ചെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. 2020 ൽ, പിങ്ക് നിറത്തിലുള്ള അകക്കാമ്പുള്ള പിങ്ക്‌ഗ്ലോ പൈനാപ്പിൾ കമ്പനി പുറത്തിറക്കിയിരുന്നു. ഈ ഇനം അന്ന് 4177 രൂപയ്ക്കാണ് വിറ്റത്. അന്ന് കൂടുതൽ പേരും ഈ പൈനാപ്പിൾ വാങ്ങിയിരുന്നത് സമ്മാനമായി നൽകാൻ വേണ്ടിയായിരുന്നു. ജനിതക എഞ്ചിനിയറിംഗിന്റെ ഫലമായാണ് ഇവ വികസിപ്പിച്ചെടുത്തത്.