കോഴിക്കോട്: എൽ.ഡി.എഫ് മുന്നണിയുടെ രാജ്യസഭാ സീറ്റിന്‍റെ കാര്യത്തില്‍ സിപിഎം മാന്യത കാട്ടിയില്ലെന്ന് ആര്‍ജെഡി നേതാവ് എംവി ശ്രേയാംസ് കുമാര്‍. ഇത് സംബന്ധിച്ച് മുന്നണിയില്‍ ചര്‍ച്ച പോലും ഉണ്ടായില്ല.
എല്‍ഡിഎഫിലേക്ക് വലിഞ്ഞ കയറിവന്നവരല്ല ആര്‍ജെഡിയെന്നും ശ്രേയാംസ് കുമാര്‍ പ്രതികരിച്ചു. കേരളത്തില്‍ ജെഡിഎസ് എല്‍ഡിഎഫിനൊപ്പം കേന്ദ്രത്തില്‍ എന്‍ഡിഎയ്‌ക്കൊപ്പം, എന്നിട്ടും ഇടതുമുന്നണി നേതൃത്വത്തിന് അത് ഒരു പ്രശ്‌നമല്ലെന്നു ശ്രേയാംസ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞടുപ്പില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി എല്‍ഡിഎഫിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരിടത്ത് പോലും ആരും തങ്ങളുടെ പ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് പരാതി പറഞ്ഞിട്ടില്ല.
പാര്‍ട്ടി സഖാക്കള്‍ അവരുടെ കൈയില്‍ നിന്ന് പണം ചെലവഴിച്ചാണ് തെരഞ്ഞടുപ്പ് പ്രവര്‍ത്തനം നടത്തിയത്. ആരോടും സഹായം ചോദിച്ചിട്ടില്ല. അവര്‍ക്ക് നിരാശതന്നെയാണ് ഇപ്പോഴും പ്രതിഫലമെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു.
തുടക്കം മുതല്‍ ആവശ്യപ്പെട്ടതാണ് പക്ഷെ മന്ത്രി സ്ഥാനത്തിന് അര്‍ഹതപ്പെട്ട ഞങ്ങളെ പരിഗണിച്ചില്ല. രണ്ടരവര്‍ഷം കഴിഞ്ഞിട്ടും ലഭിച്ചില്ല. എന്തിന്റെ പേരിലാണ് തങ്ങളെ മാറ്റിനിര്‍ത്തുന്നതെന്ന് മനസിലായില്ല.
ഇതില്‍ പാര്‍ട്ടി അണികളില്‍ കടുത്ത അതൃപ്തിയുണ്ട്. ജെഡിഎസിന് എഴുപതോളം സ്ഥാനങ്ങള്‍ കിട്ടി. തങ്ങള്‍ക്ക് ലഭിച്ചത് ആറോ എഴോ സ്ഥാനങ്ങള്‍ മാത്രം. ത്രിതല പഞ്ചായത്തിലും വേണ്ടരീതിയില്‍ പരിഗണന ലഭിച്ചിട്ടില്ല.
ഈ അവഗണന മാറ്റി അര്‍ഹമായ അംഗീകാരം നല്‍കണം. പലതവണ കത്തുനല്‍കി. രണ്ടുതവണ ഉഭയകക്ഷി ചര്‍ച്ച നടത്തി. എന്നിട്ടുപോലും പരിഗണന ലഭിച്ചില്ല. സാധാരണ അണികളോട് പറയാന്‍ ഞങ്ങള്‍ക്ക് മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു.