ചേർത്തല: ചേർത്തല ഗാന്ധി എന്നും എല്ലാവർക്കും ഒരു മാതൃകയാണ്. നിരാലംബർക്ക് തുണയായി നിരവധി പ്രവർത്തനങ്ങൾ ഇദ്ദേഹം നടത്താറുണ്ട്. പരിസ്ഥിതി പ്രവർത്തകനും റിട്ടയേർഡ് കെഎസ്ആർടിസി ഡ്രൈവറുമാണ് എസ്എൽ വർഗ്ഗീസ് എന്ന ചേർത്തല ഗാന്ധി. പാഴ് വസ്തുക്കൾ പെറുക്കി വിൽക്കുകയാണ് ഇപ്പോൾ. സ്വന്തം ആവശ്യത്തിന് പണമുണ്ടാക്കാനല്ല. പാവങ്ങളെ സഹായിക്കാൻ. പാഴ്വസ്തുക്കൾ വിറ്റു കിട്ടുന്ന പണം പാവങ്ങളെയും ക്യാൻസർ രോഗികളെയും സഹായിക്കാനാണ് വർഗീസ് ഉപയോഗിക്കുന്നത്. ചേർത്തല നഗരസഭയിൽ 13-ാം വാർഡിലാണ് വർഗ്ഗീസ് താമസിക്കുന്നത്.
കയ്യിൽ കിട്ടുന്ന പണം എല്ലാം കൂട്ടി വെയ്ക്കും. ഇതിനോടകം പത്തോളം പേർക്ക് പെൻഷനും നൽകിയിട്ടുണ്ട് ചേർത്തല ഗാന്ധി. പുലർച്ചെ 6 മണിയോടെ ചേർത്തല മുട്ടം പള്ളിയിലെ പ്രാർത്ഥനയ്ക്ക് ശേഷം സാമൂഹ്യ പ്രവർത്തനങ്ങൾക്കിറങ്ങും. കടകൾ നടത്തുന്നവർക്കറിയാം ചേർത്തല ഗാന്ധിയുടെ ചാരിറ്റി പ്രവർത്തനം. മാർക്കറ്റിലെ കടകൾക്ക് മുന്നിൽ ചേർത്തല ഗാന്ധിയെ പ്രതീക്ഷിച്ച് കാർട്ടൻ ബോക്സ്കളും, പ്ലാസ്റ്റിക് കുപ്പിയും പാഴ് പേപ്പറുകളും ഉണ്ടാകും. അതും വഴിയോരത്ത് കിടക്കുന്ന മറ്റു വസ്തുക്കളും പെറുക്കിയെടുത്ത് വീട്ടിലെത്തുമ്പോൾ 10 മണിയാകും. തുടർന്ന് ഭാര്യ സെലിയാമ്മയും പ്ലാസ്റ്റിക് വേർതിരിയ്ക്കാനായി ഭർത്താവിനൊപ്പം ചേരും.