തിരുവനന്തപുരം: സംസ്ഥാനത്ത് ആഘോഷ ദിവസങ്ങളിൽ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. ദീപാവലി ആഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടു മുതൽ 10 വരെയും ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളിൽ രാത്രി 11.55 മുതൽ പുലർച്ചെ 12.30യുമാക്കിയുള്ള ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചു. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി.(Restriction on the usage of firecrackers in Deepavali, Christmas and new year)
ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവിന്റെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കത്തിന്റെയും അടിസ്ഥാനത്തിലാണ് നിർദേശം നൽകിയിരിക്കുന്നത്. ആഘോഷങ്ങളിൽ ഹരിത പടക്കം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. പടക്കം പൊട്ടിക്കുന്നതിനുള്ള സമയ നിയന്ത്രണം ഉറപ്പാക്കുന്നതിനും സംസ്ഥാനത്ത് ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കുന്നുള്ളൂവെന്ന് ഉറപ്പാക്കുന്നതിനും ജില്ലാ കലക്ടർമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും നിർദേശം നൽകിയിട്ടുണ്ട്.