നെടുംകണ്ടം: നെടുംകണ്ടം, തൂക്കുപാലം മേഖലകളിൽ അപരിചിതർ നിരീക്ഷണത്തിന് എത്തുന്നത് പതിവായതോടെ പ്രദേശവാസികൾ ആശങ്കയിൽ.
അപരിചിതരായ ചിലർ പകൽ സമയം വീടുകൾക്ക് മുന്നിലെത്തി നിരീക്ഷണം നടത്തുകയാണ്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കുറുവ സംഘങ്ങളെ പറ്റിയുള്ള വാർത്തകൾ പുറത്തുവന്നതോടെയാണ് പകൽസമയം വീടുകൾക്ക് സമീപമെത്തി ചുറ്റുപാടുകൾ നിരീക്ഷിക്കുന്ന അപരിചിതരെ കുറിച്ച് പ്രദേശവാസികളിൽ സംശയം വർധിച്ചത്.
നെടുങ്കണ്ടം മേഖലയിൽ പട്ടാപകൽ വീടുകൾക്ക് സമീപം എത്തി നിരീക്ഷണം നടത്തുന്ന യുവാവിന്റെ സിസിടിവി ദൃശ്യങ്ങളാണ് പ്രചരിച്ചത്. ഒരു വീടിന്റെ ഗേറ്റ് കടന്ന് അകത്ത് കയറിയ യുവാവ് ആളുകളെ കണ്ടതോടെ ഇറങ്ങി ഓടുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണം.
ഇങ്ങനെ പല വീടുകൾക്ക് സമീപവും ഇയാളെത്തിയതായാണ് വിവരും. ആൾപ്പെരു മാറ്റം കണ്ടാൽ ഓടിമാറുന്ന ഇയാൾക്കായി നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ആശങ്കയിലായ നാട്ടുകാർ നൽകിയ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നെടുങ്കണ്ടം പോലീസ് അന്വേഷണം നടത്തുന്നുണ്ട്. പകൽ നിരീക്ഷണം നടത്തിയ രാത്രി സംഘമായി എത്തി മോഷണം നടത്തുന്ന കുറുവ സംഘമാണോ ഇതെന്നാണ് നാട്ടുകാരുടെ സംശയം.
കുറുവ സംഘത്തിൽ ഉൾപ്പെട്ട ചിലരുടെ ബന്ധുക്കൾ മുൻപ് താമസിച്ചിരുന്ന സ്ഥലത്ത് ആലപ്പുഴയിൽ നിന്നുള്ള പൊലീസ് സംഘം പരിശോധന നടത്തിയിരുന്നു.
എന്നാൽ സിസിടിവി ദൃശ്യങ്ങളിലുള്ളത് കുറുവ സംഘങ്ങൾ പോലുള്ള മോഷ്ടാക്കളല്ലെന്നും ഭയപ്പെടേണ്ടതില്ലെന്നുമാണ് പൊലീസ് കണ്ടെത്തൽ.
കഴിഞ്ഞദിവസം രാത്രിയിൽ നെടുങ്കണ്ടത്തെ വീടിന് സമീപം പതുങ്ങിയിരുന്ന അതിഥി തൊഴിലാളിയെ നാട്ടുകാർ പിടികൂടിയിരുന്നു. അപരിചിതരായ ആളുകളുടെ സാന്നിധ്യം പതിവായതോടെ രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.