തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഇനിയും ചെലവഴിക്കാതെ കിടക്കുന്നത് 923.02 കോടി രൂപയെന്ന് റിപ്പോർട്ട്. സിഎംഡിആർഎഫ് വെബ്‌സൈറ്റ് പ്രകാരം ഡിസംബർ ഏഴുവരെ 6780.59 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചതെന്നും ഇതിൽ ഇതുവരെ ചെലവഴിച്ചത് 5857.57 കോടി രൂപയാണെന്നുമാണ് റിപ്പോർട്ട്. ഇതിൽ മിച്ചം 923.02 കോടി രൂപയാണ്.
2018, 2019 ലെ പ്രളയകാലത്ത് ആകെ 4970.29 കോടിയാണ് ദുരിതാശ്വാസ നിധിയിൽ ലഭിച്ചത്. ഇതിൽ 4738.77 കോടി രൂപ ഇതുവരെ ചെലവാക്കി. കോവിഡ് കാലത്ത് ദുരിതാശ്വാസ നിധിയിൽ ലഭിച്ചത് 1129.74 കോടിയാണ്.ഇതിൽ ചെലവാക്കിയത് 1111.15 കോടിയും.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ നിധിയിൽ ഇതുവരെ ലഭിച്ചത് 680.56 കോടി രൂപയാണ്. ദുരന്തം കഴിഞ്ഞ് 4 മാസമായിട്ടും വയനാടിന് നൽകിയത് വെറും 7.65 കോടി രൂപയാണ്. കേന്ദ്ര സഹായവും ഇതുവരെ വയനാടിന് ലഭിച്ചിട്ടില്ല. സംസ്ഥാനത്തിന്റെ ആധികാരിക പ്രൊപ്പോസൽ ലഭിച്ചത് നവംബർ 15 ന് മാത്രമാണെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു.
പോസ്റ്റ് ഡിസാസ്റ്റർ നീഡ് അസെസ്‌മെന്റ് റിപ്പോർട്ട് സമർപ്പിക്കാൻ വൈകി എന്ന് ഇതോടെ വ്യക്തമാണ്. കയ്യിലുള്ള പണം ചെലവഴിക്കുന്നതിൽ മെല്ലെപ്പോക്കും കേന്ദ്രത്തിൽ നിന്നുള്ള സഹായം വൈകുന്നതും വയനാട് പുനരധിവാസം വൈകുന്നതിന്റെ പ്രധാന കാരണമാണ്.