പാറശാലയിലും നെടുമങ്ങാടും നിന്നായി 40 കിലോയോളം കഞ്ചാവ് എക്സൈസ് പിടികൂടി. നെടുമങ്ങാട്ടെ വാടകവീട്ടിൽ ദമ്പതികളാണ് കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. നെടുമങ്ങാട് ദമ്പതികളാണ് കഞ്ചാവുമായി എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ നിന്ന് 20 കിലോ കഞ്ചാവ് പിടികൂടി. നെടുമങ്ങാട് എക്സൈസ് സംഘം വീട്ടിൽ റെയ്ഡ് നടത്തി. വീട്ടിലെ കിടപ്പുമുറിയിൽ മൂന്ന് ചാക്കുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. എക്സൈസ് സംഘം എത്തിയ വിവരമറിഞ്ഞ് ആദ്യം ശുചിമുറിയിൽ കഞ്ചാവ് നശിപ്പിക്കാൻ ശ്രമിച്ചു. ശ്രമം പാളിയതോടെ ഭർത്താവ് മനോജ് ഓടി രക്ഷപ്പെട്ടു.
ഭാര്യ ഭുവനേശ്വരി എക്സൈസിന്റെ കസ്റ്റഡിയിലാണ്. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ കഞ്ചാവ് കേസിൽ രണ്ടുപേർ പിടിയിലായിരുന്നു. അവരിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം നെടുമങ്ങാട് പരിശോധന നടത്തിയത്. ആര്യനാട് സ്വദേശികളായ ഇവർ രണ്ടുമാസമായി നെടുമങ്ങാടാണ് താമസം.
പാറശ്ശാല റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്ന് 20 കിലോ കഞ്ചാവുമായി നാല് പേരും പിടിയിലായി. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പാറശ്ശാല റെയിൽവെ സ്റ്റേഷൻ പരിസരത്ത് പരിശോധന നടത്തിയത്. ഇവിടെ നിന്ന് 20 കിലോ കഞ്ചാവുമായി നാല് പേരെ പിടികൂടി. വലിയതുറ സ്വദേശിയായ ചന്ദ്രൻ, കൊല്ലം സ്വദേശി ഷിബു, ഒഡിഷ സ്വദേശികളായ വിക്രംകുമാർ, രഞ്ചൻ ഖുറാ എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഒഡിഷയിൽ നിന്നും തമിഴ്നാട് വഴി കേരളത്തിലേക്ക് കഞ്ചാവ് കടത്താനായിരുന്നു സംഘത്തിന്റെ ശ്രമം.
English summary : Rented house in Thiruvananthapuram and sold liquor; 20 kg of cannabis was seized from the couple