സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നട്ടംതിരിയുന്ന കേരളത്തിന് തൽക്കാലിക ആശ്വാസം. 13600 കോടി രൂപ കടമെടുക്കാൻ കേരള സർക്കാരിന് കേന്ദ്രം അനുമതി നൽകി. കടമെടുപ്പ് പരിധി വെട്ടിക്കുറിച്ച് കേന്ദ്രത്തിന്റെ നടപടിക്കെതിരെ കേരളം സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിലെ വാദത്തിനിടയാണ് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി 26000 കോടി രൂപ കടമെടുക്കാൻ അനുമതി നൽകണമെന്നായിരുന്നു ഹർജിയിൽ കേരളത്തിന്റെ വാദം.
എന്നാൽ 13600 കോടി രൂപ കടമെടുക്കാൻ അനുമതി നൽകിയ കോടതി ബാക്കി തുക കടമെടുക്കുന്നതിന് കേന്ദ്രസർക്കാരും കേരളവും തമ്മിൽ ചർച്ച നടത്തി ധാരണയിൽ എത്താൻ നിർദ്ദേശം നൽകി. കേരളം ഹർജി നൽകിയതിന് പിന്നാലെ കേന്ദ്രം മുന്നോട്ടുവച്ച ‘ഹർജി പിൻവലിച്ചാൽ കടമെടുക്കാൻ അനുവാദം നൽകാം’ എന്ന ഉപാധി പിൻവലിക്കാൻ കോടതി നിർദ്ദേശിച്ചു.
കടുത്ത സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്ത് നിലനിൽക്കുന്നതിനാൽ 15,000 കോടി രൂപ കൂടി വായ്പയെടുക്കാൻ അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യം കേന്ദ്രത്തോട് ചർച്ചചെയ്തു തീരുമാനിക്കാനാണ് കോടതി നിർദേശിച്ചത്.









