‘ഇനി ബിജെപിയുടെ ശബ്ദം’; ഇടതുസഹയാത്രികന്‍ റെജി ലൂക്കോസ് ബിജെപിയില്‍
കോട്ടയം: ഇടതുസഹയാത്രികനായി അറിയപ്പെടുകയും ചാനൽ ചർച്ചകളിൽ സിപിഎമ്മിനെ ശക്തമായി പ്രതിരോധിക്കുകയും ചെയ്തിരുന്ന റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നു.
ബിജെപി സംസ്ഥാന ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരിൽ നിന്നാണ് അദ്ദേഹം ഔദ്യോഗികമായി പാർട്ടി അംഗത്വം സ്വീകരിച്ചത്.
ദ്രവിച്ചും പ്രസക്തി നഷ്ടപ്പെട്ടുമിരിക്കുന്ന ആശയങ്ങൾക്ക് ഇനി രാഷ്ട്രീയത്തിൽ സ്ഥാനമില്ലെന്ന് റെജി ലൂക്കോസ് പറഞ്ഞു. ഇന്നുമുതൽ താൻ ബിജെപിയുടെ ശബ്ദമായി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ ഇനി പഴയ രാഷ്ട്രീയ യുദ്ധങ്ങൾക്ക് പ്രസക്തിയില്ലെന്നും, പുതിയ തലമുറ വലിയ തോതിൽ നാടുവിടുന്ന സാഹചര്യം ഗുരുതരമാണെന്നും റെജി ലൂക്കോസ് പറഞ്ഞു.
യുവാക്കളെ സംസ്ഥാനത്ത് തന്നെ നിലനിർത്താൻ സാധിച്ചില്ലെങ്കിൽ കേരളം ഒരു വലിയ വൃദ്ധസദനമായി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഉത്തരേന്ത്യയിലെ വികസനം തന്നെ ഞെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
മുൻപ് ബിജെപിയെ വർഗീയവാദികളായി കണ്ടിരുന്നുവെങ്കിലും, നിർഭാഗ്യവശാൽ കഴിഞ്ഞ കുറേ മാസങ്ങളായി വർഗീയ വിഭജനത്തിന് ശ്രമിക്കുന്നത് തന്റെ മുൻ പാർട്ടിയാണെന്ന് റെജി ലൂക്കോസ് ആരോപിച്ചു.
കേരളത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആത്മാർത്ഥമായ ആഗ്രഹം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർക്കുണ്ടെന്നും, അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനാണ് താൻ തീരുമാനിച്ചതെന്നും റെജി ലൂക്കോസ് പറഞ്ഞു.
ഇന്നുമുതൽ സിപിഎമ്മുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കുന്നുവെന്നും, ഈ നിമിഷം മുതൽ തന്റെ പ്രവൃത്തിയും വാക്കും ബിജെപിക്കുവേണ്ടിയാകുമെന്നും റെജി ലൂക്കോസ് വ്യക്തമാക്കി.
English Summary
Reji Lukose, known as a Left sympathiser and a prominent defender of the CPI(M) in television debates, has joined the Bharatiya Janata Party (BJP). He took party membership from BJP state president Rajeev Chandrasekhar at the party headquarters. Lukose said outdated and diluted ideologies no longer have relevance and announced that he would henceforth work as a voice of the BJP. Criticising the CPI(M), he alleged that it has recently resorted to divisive politics and stressed the need for development to retain Kerala’s youth within the state.
reji-lukose-joins-bjp-kerala-politics
Reji Lukose, BJP Kerala, Rajeev Chandrasekhar, CPM, Kerala politics, party switch, political news









