കൊച്ചി: പലപ്രാവശ്യം റിപ്പയർ ചെയ്തിട്ടും റഫ്രിജറേറ്റർ തകരാറിലായതിനെ തുടർന്ന് നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ച് ഉപഭോക്തൃ തർക്ക പരിഹാര കോടതി. റഫ്രിജറേറ്ററിന് നിർമാണ വൈകല്യമുണ്ടെന്ന് കണക്കാക്കിയാണ് കോടതി വിധി. പറവൂരിലെ കൂൾ കെയർ റഫ്രിജറേഷൻ എന്ന സ്ഥാപനത്തിനെതിരെ എറണാകുളം ചെറായി സ്വദേശി എൻ.എം മിഥുൻ സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.
പരാതിക്കാരൻ വാങ്ങിയ സാംസങ് റഫ്രിജറേറ്റർ പലതവണ തകരാറിലാവുകയും ഓരോ തവണയും ടെക്‌നീഷ്യൻ പരിശോധിച്ച് ഫ്രിഡ്ജിന്റെ പല ഘടകങ്ങളും മാറ്റി പുതിയത് വെക്കുകയും, അതിനുള്ള തുക പരാതിക്കാരനിൽ നിന്ന് ഈടാക്കുകയും ചെയ്തു. എന്നിട്ടും റഫ്രിജറേറ്റർ പ്രവർത്തനരഹിതമായി. ഇങ്ങനെ തുടർച്ചയായി തകരാറിലാകുന്നത് നിർമാണത്തിലെ ന്യൂനതയായി കണ്ട് പരാതിക്കാരന് നഷ്ടപരിഹാരം നൽകണമെന്ന് കോടതി പറഞ്ഞു.
റിപ്പയറിങ്ങിനായി ചെലവായ 3,386 രൂപയും, കൂടാതെ കോടതി ചെലവും നഷ്ടപരിഹാരവുമായി 25,000 രൂപയും ഒരു മാസത്തിനകം പരാതിക്കാരന് എതിർകക്ഷി നൽകണമെന്ന് കമ്മിഷൻ പ്രസിഡന്റ് ഡി.ബി ബിനു മെമ്പർമാരായ വൈക്കം രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു.