ഇന്നലെ രാവിലെയാണു ചങ്ങനാശേരി തുരുത്തി കത്തോലിക്കാ പള്ളിയില്‍ വികാരിയുടെ കാപ്പയും കുർബാന പുസ്തകവും എടുത്തുകൊണ്ട് ഒരാൾ ഓടി എന്ന വാർത്തയും വീഡിയോയും സോഷ്യൽ മീഡിയയിൽ പരക്കുന്നത്. കഞ്ചാവിന് അടിമയായ യുവാവ് വൈദികന്റെ കുപ്പായം എടുത്തു കൊണ്ട് ഓടി എന്ന തലക്കെട്ടോടെയാണു വീഡിയോ പ്രചരിച്ചത്. എന്നാൽ അതിന്റെ സത്യാവസ്ഥ ഇപ്പോൾ വെളിച്ചത്തു വന്നിരിക്കുകയാണ്.
പ്രദേശത്തു തന്നെയുള്ള മാസിക വിഭ്രാന്തിയുള്ള ആളാണ് ഇത്തരത്തില്‍ കാപ്പയും കുർബാന പുസ്തകവും എടുത്തു കൊണ്ട് ഓടിയത് എന്ന വാർത്തയാണിപ്പോൾ പുറത്തുവരുന്നത്. സംഭവത്തിൽ ഇടവക വൈദികൻ ഉടൻ ഇടപെടുകയും ഇയാളെ ചികിത്സയ്ക്കായി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യുകയും ചെയ്തു.
നാളുകളായി നല്ല ചികിത്സ കിട്ടാതിരുന്നതു മൂലമാണ് ഇയാൾ ഇത്തരത്തിൽ പെരുമാറിയതെന്ന് കരുതുന്നു. ഇത് മനസ്സിലാക്കിയാണ് വൈദികൻ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർ ചികിത്സയ്ക്കാവശ്യമായ ക്രമീകരണങ്ങളും ചെയ്തു.
കഞ്ചാവിനടിമയായ യുവാവ് കുർബാന പുസ്തകവും കൈയില്‍ പിടിച്ചു കൊണ്ട് ഓടുന്നു എന്ന രീതിയിൾ ആദ്യമേ വന്നവാർത്ത പിന്നീട് പലരീതിയിൽ പ്രചരിച്ചു. എന്നാൽ ഇതെല്ലാം അസത്യങ്ങളാണെന്നും ഇത്തരം പ്രചാരണങ്ങളില്‍ നിന്നു ആളുകള്‍ പിന്മാറണമെന്നുമാണ് പള്ളി ഇടവക അംഗങ്ങള്‍ പറയുന്നത്. ഒരു ക്രിസ്തീയ സമൂഹവും അതിന്റെ ആചാര്യനും എങ്ങനെ ആയിരിക്കണം എന്നിനു മാതൃകയാണു വികാരിയച്ചൻ എന്നും ആളുകൾ പറയുന്നു.