തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു. പൊലീസ് ആസ്ഥാനത്ത് രാവിലെ ഏഴു മണിക്ക് നടന്ന ചടങ്ങിലാണ് റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റത്.
പൊലീസ് മേധാവിയുടെ താല്‍ക്കാലിക ചുമതല വഹിച്ചിരുന്ന എഡിജിപി എച്ച് വെങ്കിടേഷില്‍ നിന്നും റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുക്കുകയായിരുന്നു.
തുടർന്ന് പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഡിജിപി എസ് ശ്രീജിത്ത്, ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷ്, ബറ്റാലിയന്‍ എഡിജിപി എം ആര്‍ അജിത് കുമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി.
പൊലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയില്‍ അദ്ദേഹം പുഷ്പചക്രം അര്‍പ്പിച്ചു. സംസ്ഥാനത്തിന്റെ 41-മത് പൊലീസ് മേധാവിയാണ് റവാഡ ചന്ദ്രശേഖര്‍.
ആന്ധ്രാപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയാണ്. 1991 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. ഇന്റലിജന്‍സ് ബ്യൂറോയില്‍ സ്‌പെഷല്‍ ഡയറക്ടറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.
അടുത്തിടെയാണ് റവാഡയെ കേന്ദ്ര കാബിനറ്റില്‍ സെക്യൂരിറ്റി സെക്രട്ടറിയായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്. റവാഡ ചന്ദ്രശേഖറിന് 2026 വരെയാണ് സര്‍വീസ് ഉള്ളത്. പൊലീസ് മേധാവിയായതോടെ റവാഡ ചന്ദ്രശേഖറിന് ഒരു വര്‍ഷം കൂടി അധികം സര്‍വീസ് ലഭിക്കും.
മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കണ്ണൂരിലാണ് റവാഡ ചന്ദ്രശേഖറിന്റെ ആദ്യ പൊതുപരിപാടി.
Summary: Rawada Chandrasekhar IPS has officially taken charge as the new State Police Chief of Kerala. He took over the baton of State Police Chief from ADGP H. Venkatesh, who had been holding the charge temporarily.