തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ അരിക്ക് വിലക്കൂട്ടാൻ ശിപാർശ. നീല റേഷൻ കാർഡ് ഉടമകൾക്ക് നൽകുന്ന അരിയുടെ വില കൂട്ടാനാണ് വിദഗ്ധസമിതിയുടെ ശിപാർശ. നാല് രൂപയിൽ നിന്ന് 6 രൂപയാക്കണമെന്നാണ് വിദഗ്ധസമിതി പറയുന്നത്.
അരിയ്ക്ക് പുറമെ പഞ്ചസാരയുടെയും മണ്ണെണ്ണയുടെയും വില വർധിപ്പിക്കണമെന്നും ശിപാർശയുണ്ട്. കൂടാതെ 3893 റേഷൻ കടകൾ അടച്ചുപൂട്ടണമെന്നും സമിതി ശിപാർശ ചെയ്തു. പതിനായിരം രൂപയ്ക്ക് താഴെ മാത്രം വരുമാനം ലഭിക്കുന്ന റേഷന്‍ കടകൾ പൂട്ടാന്‍ ആണ് നിർദേശം.
ഒരു റേഷൻ കടയിൽ പരമാവധി 800 റേഷൻ കാർഡ് മാത്രം മതിയെന്നും പുതിയ റേഷൻ കടകൾ അനുവദിക്കുന്നത് നിയന്ത്രിക്കണമെന്നും ശിപാർശയിലുണ്ട്. അതേസമയം മാർച്ച് 31നകം മസ്റ്ററിംഗ് നടത്താത്ത മുൻഗണനാ കാർഡ് അംഗങ്ങളെ ഭക്ഷ്യധാന്യ വിഹിതത്തിന് യോഗ്യരായവരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കും. ഇക്കാര്യം കേന്ദ്രസർക്കാർ അറിയിച്ചതായി മന്ത്രി ജി.ആർ അനിൽ നിയമസഭയിൽ അറിയിച്ചു
ഇതുവരെ 95.83% മുൻഗണനാ കാർഡംഗങ്ങൾ ആണ് മസ്റ്ററിംഗ് നടത്തിയത്. റേഷൻ കടകളിൽ മസ്റ്ററിംഗിന് സൗകര്യമുണ്ട്. കിടപ്പു രോഗികളുടെ മസ്റ്ററിംഗിന് ഉദ്യോഗസ്ഥർ വീടുകളിലെത്തി നടത്തും. ഇപോസ് മെഷീനിലൂടെ മസ്റ്ററിംഗ് സാദ്ധ്യമായില്ലെങ്കിൽ ഐറിസ് സ്‌കാനർ വഴിയും ചെയ്യാം. മേരാ കെ.വൈ.സി ആപ്പ് വഴിയും മസ്റ്ററിംഗ് നടത്താം.