തലപ്പാവ് ധരിപ്പിക്കാൻ സംഘാടകർ; വേണ്ടെന്ന് വേടൻ
തിരുവനന്തപുരം: അംബേദ്കറും അയ്യങ്കാളിയും തുറന്നിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന ആളാണ് താനെന്ന് റാപ്പര്‍ വേടന്‍. അയ്യങ്കാളിയുടെ 84-ാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് കെപിഎംഎസ് നടത്തിയ സ്മൃതിസംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വേദിയിലേക്ക് അയ്യങ്കാളി തലപ്പാവ് അണിയിക്കാന്‍ എത്തിയ സംഘാടകരെ സ്നേഹപൂർവ്വം തടഞ്ഞ് തലപ്പാവ് കൈയില്‍ സ്വീകരിക്കുകയായിരുന്നു. പ്രതീകാത്മകമായി വേടന് വാളും സമ്മാനിച്ചിരുന്നു.
ദളിതരായ, പട്ടിക ജാതിക്കാരായ നമ്മളിപ്പോഴും സനാതനത്തിന്റെ അടിമകളാണെന്ന് വേടന്‍ പറഞ്ഞു. മഹാവീര അയ്യങ്കാളിയെയും ബാബാ സാഹിബ് അംബേദ്കറെയും ആഘോഷിക്കുന്ന ഒരു കാലം വരും.
അതിനായി എല്ലാവരും കാത്തിരിക്കണം. അവർ കാണിച്ചുതന്ന വഴിയിലൂടെ ഇനിയും മുന്നോട്ടുപോകും. നമ്മളെല്ലാം ഒന്നിച്ച് ഒരു വലിയ രാഷ്ട്രീയശക്തിയാകുന്ന ഒരു കാലമെത്തും.
അതിനാൽ എല്ലാവരും ഒരുമയോടെ പ്രവർത്തിക്കണമെന്ന് വേടൻ ആവശ്യപ്പെട്ടു. പ്രഥമ വില്ലുവണ്ടി പുരസ്കാരം ചടങ്ങിൽ വേടൻ ഏറ്റുവാങ്ങി. പരിപാടിയിലെത്തിയവരുടെ ആവശ്യപ്രകാരം പൊയ്കയിൽ അപ്പച്ചന്റെ കവിതയിലെ വരികൾ പാടിയാണ് വേടൻ വേദിയിൽ നിന്നും മടങ്ങിയത്.
ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാത
കോഴിക്കോട്: ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാതക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതിയായി. പരിസ്ഥിതിയാഘാത വിലയിരുത്തൽ നേരത്തെ കേന്ദ്ര വിദഗ്‌ധസമിതിയുടെ പരിഗണനയ്ക്കു വിട്ടിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്.
വിവിധ ഉപാധികളോടെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇപ്പോൾ പാരിസ്ഥികാനുമതി നൽകിയിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ്, കിഫ്ബി, കൊങ്കൺ റെയിൽവേ എന്നിവയുടെ തൃകക്ഷി കരാറിലാണ് തുരങ്കപാത നിർമാണം നടക്കുക. 2134 കോടി രൂപയാണ് ആകെ പദ്ധതി ചെലവ്.
ടെണ്ടർ നടപടികൾ നേരത്തെ പൂർത്തീകരിച്ചിരുന്നു. പ്രവൃത്തി ഉദ്ഘാടനം ജൂലൈ മാസത്തിൽ മുഖ്യമന്ത്രി നിർവ്വഹിക്കും. നാലുവരി തുരങ്കപാതയ്ക്ക് സംസ്ഥാന വിദഗ്‌ധസമിതി നേരെത്തെതന്നെ അനുമതി നൽകിയിരുന്നു
ദിലിപ് ബിൽഡ് കോൺ കമ്പനി നിർമാണം ആരംഭിക്കാനിരിക്കെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കൂടുതൽ വിശദീകരണം തേടിയിരുന്നു. ആനക്കാംപൊയിലിൽനിന്നു മേപ്പാടിയിൽ എത്തുന്ന തുരങ്കപ്പാത മലയോര മേഖലയുടെ വികസന കുതിപ്പിനു കാരണമാകും.
മലപ്പുറത്തു നിന്നും കോഴിക്കോട് നിന്നും കർണാടകയിലേക്കുള്ള ദൈർഘ്യം ഗണ്യമായി കുറയ്ക്കാൻ പറ്റുന്ന അഭിമാന പദ്ധതിയാണിത്. ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ചില പരിസ്ഥിതി സംഘടനകൾ തുരങ്കപ്പാത പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഇവർ രംഗത്ത് വന്നെങ്കിലും ഭരണ, പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി തുരങ്കപ്പാതയ്ക്കു നിലകൊണ്ടു. കുടിയേറ്റ മേഖലയിലെ ജനവികാരം തുരങ്കപ്പാതയ്ക്ക് ഒപ്പമാണ്.
കോഴിക്കോട്, വയനാട് ജില്ലകളിലെ മുഴുവൻ ഭൂമിയും ഏറ്റെടുത്തു
ഇതിനായി കോഴിക്കോട്, വയനാട് ജില്ലകളിലെ മുഴുവൻ ഭൂമിയും കഴിഞ്ഞ വർഷം ഏറ്റെടുത്തു നഷ്ടപരിഹാരത്തുക നൽകിയിരുന്നു. ആയിരക്കണക്കിനു കർഷക കുടുംബങ്ങൾ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന പദ്ധതി സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തിയതോടെയാണു പുതുജീവൻ വച്ചത്.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ചോദിച്ച വിവരങ്ങൾ എല്ലാം ഒരാഴ്ചയ്ക്കകം സംസ്ഥാന സർക്കാർ നൽകുമെന്ന് അന്നേ വ്യക്തമാക്കിയിരുന്നു. അന്തിമാനുമതി ലഭിക്കാൻ മറ്റ് തടസ്സങ്ങളില്ലായിരുന്നു എന്നു തന്നെ പറയാം.
കൂടുതൽ വിശദീകരണം കേന്ദ്രമന്ത്രാലയം ചോദിച്ചത് സാധാരണ നടപടിക്രമം മാത്രമാണ്. സംസ്ഥാന പരിസ്ഥിതി കമ്മിറ്റിയും ഇത്തരത്തിൽ വിശദീകരണം ചോദിച്ച ശേഷമാണ് അന്ന് അനുമതി നൽകിയത്.
1,341 കോടി രൂപയ്ക്കാണു ദിലീപ് ബിൽഡ് കോൺ കമ്പനി കരാർ ഏറ്റെടുത്തിരിക്കുന്നത്. ഇരുവഞ്ഞിപ്പുഴയ്ക്കു കുറുകെ പണിയുന്ന പാലത്തിന്റെ കരാർ കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ ഇൻഫ്ര കൺസ്ട്രക്‌ഷൻ കമ്പനിക്കാണ് ലഭിച്ചത്.
80.4 കോടി രൂപയ്ക്കാണു കരാർ. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലിൽ നിന്ന് തുടങ്ങി വയനാട്ടിലെ മേപ്പാടി പഞ്ചായത്തിലെ കള്ളാടിയിലാണു തുരങ്കപ്പാത അവസാനിക്കുന്നത്.
ചുരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകുന്നതിനു പുറമേ ആനക്കാംപൊയിൽ – മേപ്പാടി ദൂരം 42 കിലോമീറ്ററിൽ നിന്ന് 20 ആയി കുറയുകയും ചെയ്യും.
നിർമ്മാണം ജാഗ്രതയോടെ വേണം
നിർമ്മാണ പ്രത്യാഘാതങ്ങൾ കുറക്കാൻ സിഎസ്ഐആർ, സിഐഎംഎഫ്ആർ എന്നിവ നൽകിയിട്ടുള്ള മുഴുവൻ നിർദേശങ്ങളും പാലിക്കണം എന്ന് പ്രത്യേക നിർദേശമുണ്ട്. വൈബ്രേഷൻ, പ്രളയം, ഭൂമിശാസ്ത്രപരമായ പഠനങ്ങൾ എന്നിവയിലുള്ള നിർദേശങ്ങളും പ്രത്യേകം പാലിക്കണം.
ഇവയുമായി ബന്ധപ്പെട്ട റിപ്പോർട്ട് ആറു മാസത്തിൽ ഒരിക്കൽ പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറണം. നാല് ഗ്രൗണ്ട് വൈബ്രേഷൻ മോണിറ്ററിങ് സ്റ്റേഷനുകൾ നിർമ്മിക്കാനും നിർദേശത്തിൽ പറയുന്നു.
നിർമാണജോലിക്കിടെ മണ്ണിടിച്ചിലോ വെള്ളപ്പൊക്കമോ മൂലമുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുന്നതിനായുള്ള സംവിധാനങ്ങളും പ്രത്യേകം ഒരുക്കണം. സംരക്ഷണ പട്ടികയിൽ ഉൾപ്പെടുന്ന ബാണാസുര ചിലപ്പൻ അടക്കമുള്ള പക്ഷികളുടെയും വന്യമൃഗങ്ങളുടെയും സംരക്ഷണത്തിനാവശ്യമായ കാര്യങ്ങളും ചെയ്യണം.
READ MORE:സർവീസുകൾ 15 ശതമാനം കുറച്ച് എയർ ഇന്ത്യ
അപ്പൻകാപ്പ് ആന ഇടനാഴിയുടെ സംരക്ഷണം, നിർദ്ധിഷ്ട പദ്ധതി പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുന്നതിനാൽ സ്ഥിരമായ നിരീക്ഷണം, കളക്ടർ ശുപാർശ ചെയ്യുന്ന നാലുപേർ അടങ്ങുന്ന വിദഗ്ധസമിതി രൂപീകരിക്കുക,
നിർമ്മാണത്തിൽ ഏർപ്പെടുന്നവർക്ക് മതിയായ സുരക്ഷ ഒരുക്കുക, ഇരുവഴിഞ്ഞി പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയാത്ത രീതിയിൽ നിർമ്മാണം നടത്തുക, ടണലിന്റെ ഉള്ളിലെ വായുവിന്റെ ഗുണനിലവാരം തുടർച്ചയായി നിരീക്ഷിക്കുക തുടങ്ങിയ നിബന്ധനകളും നൽകിയിട്ടുണ്ട്.
ഏപ്രിൽ നാലിനുചേർന്ന സമിതിയോഗത്തിൽ സംസ്ഥാനത്തിന്റെ ഭൗമഘടന, മണ്ണിടിച്ചിൽ, ജലപ്രവാഹം എന്നിവയെക്കുറിച്ച് നടത്തിയ പഠനങ്ങളുടെ വിശദാംശങ്ങൾ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ഇതിനു ശേഷമാണ് ഈ നിർദേശങ്ങൾ നൽകിയിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ്, കിഫ്ബി, കൊങ്കൺ റെയിൽവേ എന്നിവയുടെ ത്രികക്ഷി കരാറിലാണ് തുരങ്കപാത നിർമാണം നടക്കുക.
ഭോപ്പാൽ ആസ്ഥാനമാക്കിയ ദിലിപ് ബിൽഡ്കോൺ, കൊൽക്കത്ത ആസ്ഥാനമാക്കിയ റോയൽ ഇൻഫ്രാസ്ട്രക്ചർ എന്നീ കമ്പനികളാണ് കരാർ ഏറ്റെടുത്തത്. 2134 കോടി രൂപയാണ് പദ്ധതി ചെലവ്. ടെണ്ടർ നടപടികൾ നേരത്തെ പൂർത്തീകരിച്ചിരുന്നു.
കോഴിക്കോട്, വയനാട് ജില്ലകളെ എളുപ്പം ബന്ധിപ്പിക്കാനുതകുന്ന പാത
മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളെ എളുപ്പം ബന്ധിപ്പിക്കാനുതകുന്ന പാത, മലയോര-കുടിയേറ്റ മേഖലയുടെ സമഗ്ര വികസനത്തിന് ഏറെ സഹായകരമാകും.
തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിൽ മറിപ്പുഴയിൽ നിന്നാരംഭിച്ച് വയനാട് ജില്ലയിലെ കള്ളാടി മീനാക്ഷി ബ്രിഡ്ജിൽ അവാസാനിക്കുന്നതാണ് ഈ പാത. മറിപ്പുഴയിൽ നിർമിക്കുന്ന വലിയ പാലം അവസാനിക്കുന്നിടത്താണ് തുരങ്കം തുടങ്ങുന്നത്.
8.11 കിലോമീറ്റർ ദൈർഘ്യമുള്ള ഇരട്ടത്തുരങ്കം രാജ്യത്തെതന്നെ നീളംകൂടിയ മൂന്നാമത്തെ തുരങ്കപാതയാണ്. പത്ത് മീറ്റർ വീതമുള്ള നാലുവരിയായാണ് പാത. 300 മീറ്റർ ഇടവിട്ട ക്രോസ് വേകളുണ്ടാകും. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ ഗതാഗതസ്തംഭനം ഒഴിവാക്കാനാണിത്.
തുരങ്കപാതയ്ക്ക് 2022 ഫെബ്രുവരിയിലാണ് സംസ്ഥാന സർക്കാരിന്റെ പുതുക്കിയ അന്തിമഭരണാനുമതി കിട്ടിയത്. എന്നാൽ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ചില പരിസ്ഥിതിസംഘടനകൾ തുരങ്കപാതാ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു.
തുരങ്കപാതയ്ക്കാവശ്യമായ വയനാട്, കോഴിക്കോട് ജില്ലകളിലെ മുഴുവൻ ഭൂമിയും മാസങ്ങൾക്കു മുൻപുതന്നെ ഏറ്റെടുത്ത് നഷ്ടപരിഹാരത്തുക നൽകിയിരുന്നു. ഇനി പ്രാദേശികമായി ഉയരുന്ന പ്രതിഷേധങ്ങളെ സർക്കാർ എങ്ങനെ മറികടക്കുമെന്നാണ് കണ്ടറിയേണ്ടത്.
English Summary:
Rapper Vedan stated that he walks the paths opened by social reformers Ambedkar and Ayyankali. He was speaking at the Smrithisamagamam organized by KPMS in Thiruvananthapuram, held in connection with the 84th death anniversary of Ayyankali.