തൊടുപുഴ: കഞ്ചാവ് പുലിപ്പല്ല് കേസുകളില്‍ പ്രതിയായതിനെ തുടർന്ന് സര്‍ക്കാര്‍ പരിപാടികളില്‍ നിന്നും ഒഴിവാക്കിയ റാപ്പര്‍ വേടന് ഇടുക്കിയില്‍ വീണ്ടും വേദി.
സര്‍ക്കാറിന്റെ നാലാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് ഇടുക്കി ചെറുതോണിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയിലാണ് വേടന്റെ പരിപാടി നടക്കുന്നത്.
സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി ഏപ്രില്‍ 29ന് ഇടുക്കിയിലാണ് വേടന്റെ ഷോ നടത്താനിരുന്നത്.
എന്നാല്‍ കേസുകള്‍ക്കും വിവാദങ്ങള്‍ക്കും പിന്നാലെ പരിപാടി ജില്ലാ ഭരണകൂടം റദ്ദാക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ മേയ് അഞ്ചിന് നടക്കുന്ന പരിപാടിയുടെ സമാപന വേദിയില്‍ സംഗീത പരിപാടിക്ക് അവസരം നല്‍കിയിരിക്കുന്നത്. വാഴത്തോപ്പ് സര്‍ക്കാര്‍ സ്‌കൂളില്‍ ആണ് വേദി.
കഞ്ചാവ് കേസില്‍ അറസ്റ്റിലായ വേടന്‍ എന്ന ഹിരണ്‍ ദാസ് മുരളി അടക്കം എട്ട് പേരെയും ജാമ്യത്തില്‍ വിട്ടിരുന്നു. എന്നാല്‍ പുലിപ്പല്ല് കണ്ടെത്തിയതോടെ വനംവകുപ്പ് കേസെടുക്കുകയായിരുന്നു. ആ കേസിലും വേടന് പിന്നീട് ജാമ്യം ലഭിച്ചു.
ഇതിനിടെ വനം വകുപ്പിന്റെ നടപടിക്ക് എതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വേടനെ അറസ്റ്റ് ചെയ്യാന്‍ വനുവകുപ്പ് തിടുക്കം കാട്ടിയെന്നായിരുന്നു പിന്നീട് പ്രധാനമായും ഉയര്‍ന്ന ആരോപണം.
പിന്നാലെ വേടന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് സിപിഎം, സിപിഐ സംസ്ഥാന സെക്രട്ടറിമാര്‍ ഉള്‍പ്പെടെ രംഗത്തെത്തി. ഇതോടെയാണ് വേടന്റെ പരിപാടിക്കായി സര്‍ക്കാര്‍ വേദി നല്‍കാന്‍ തീരുമാനിച്ചത്