കൊച്ചി: നടൻ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ച് സംഗീത സംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം. എം.ടിയുടെ കഥകൾ ആസ്പദമാക്കി പുറത്തിറങ്ങുന്ന ‘മനോരഥങ്ങൾ’ എന്ന ആന്തോളജി സീരീസിൻറെ ട്രെയിലർ ലോഞ്ചിങ്ങിനിടെയായിരുന്നു സംഭവം. ആസിഫ് അലിയിൽനിന്ന് പുരസ്‌കാരം സ്വീകരിക്കാൻ വിമുഖത കാണിക്കുകയായിരുന്നു രമേഷ് നാരായണൻ. പിന്നീട് സംവിധായകൻ ജയരാജിനെ വിളിച്ച് പുരസ്‌കാരം മാറ്റിവാങ്ങിക്കുകയും ചെയ്തു.Ramesh Narayanan hesitated to accept the award from Asif
ആന്തോളജിയുടെ ഭാഗമായ അണിയറ പ്രവർത്തകരെ ആദരിക്കുന്ന കൂട്ടത്തിലായിരുന്നു രമേഷ് നാരായണനും പുരസ്‌കാരം നൽകിയത്. സീരീസിൽ ജയരാജ് സംവിധാനം ചെയ്യുന്ന ‘സ്വർഗം തുറക്കുന്ന സമയം’ എന്ന ചിത്രത്തിന് സംഗീതം നൽകിയത് രമേഷാണ്. പുരസ്‌കാരം നൽകാൻ ആസിഫ് അലിയെയും സ്വീകരിക്കാൻ രമേഷ് നാരായണനെയും അവതാരക സ്വാഗതം ചെയ്തപ്പോഴായിരുന്നു വിവാദ സംഭവം.
ആസിഫ് അലി പുരസ്‌കാരം കൈമാറിയെങ്കിലും മുഖത്തു പോലും നോക്കാതെ നീരസം പരസ്യമാക്കിയാണ് രമേഷ് നാരായണൻ മൊമെന്റോ സ്വീകരിച്ചത്. പിന്നാലെ ആസിഫ് അലി തൊട്ടടുത്തുനിൽക്കെ ജയരാജിനെ അടുത്തേക്കു വിളിച്ചു. ഇതോടെ ആസിഫ് അലി പതുക്കെ വേദിയിൽനിന്നു പിന്മാറി.
തുടർന്ന് മൊമെന്റോ ജയരാജിനു നൽകി വീണ്ടും സ്വീകരിക്കുകയായിരുന്നു രമേഷ് നാരായണൻ ചെയ്തത്. നടപടിയിൽ വൻ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ആസിഫിനെ പരസ്യമായി അപമാനിക്കുകയാണ് രമേഷ് നാരായണൻ ചെയ്തതെന്നാണ് വിമർശനമുയരുന്നത്.
എം.ടിയുടെ ഒൻപത് കഥകൾ ആസ്പദമാക്കി എട്ട് സംവിധായകർ അണിയിച്ചൊരുക്കുന്ന ആന്തോളജി സീരീസാണ് ‘മനോരഥങ്ങൾ’. പ്രിയദർശൻ, രഞ്ജിത്ത്, സന്തോഷ് ശിവൻ, ജയരാജ്, ശ്യാമപ്രസാദ്, മഹേഷ് നാരായണൻ, രതീഷ് അമ്പാട്ട്, എം.ടിയുടെ മകൾ അശ്വതി എന്നിവരാണ് ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി, മോഹൻലാൽ, നെടുമുടി വേണു, ഇന്ദ്രൻസ്, ഫഹദ് ഫാസിൽ, ബിജു മേനോൻ, പാർവതി തിരുവോത്ത്, ആസിഫ് അലി, ഇന്ദ്രജിത്ത് സുകുമാരൻ, വിനീത്, ആൻ അഗസ്റ്റിൻ, സുരഭി ലക്ഷ്മി തുടങ്ങി വൻ താരനിര തന്നെ സീരീസിൽ അണിനിരക്കുന്നുണ്ട്.
തിങ്കളാഴ്ച കൊച്ചിയിലായിരുന്നു എം.ടിയുടെ 91-ാം പിറന്നാളിന്റെ ഭാഗമായി ആഘോഷ പരിപാടികൾ നടന്നത്. ചടങ്ങിൽ സീരീസിന്റെ ട്രെയിലർ എം.ടിയും മമ്മൂട്ടി ഉൾപ്പെടെയുള്ള താരങ്ങളും ചേർന്ന് ലോഞ്ച് ചെയ്തു.