ഭോപാൽ: കേന്ദ്രമന്ത്രി ജോർജ് കുര്യൻ രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രിക സമർപ്പിച്ചു. മധ്യപ്രദേശിൽ നിന്നാണ് ജോർജ് കുര്യൻ മത്സരിക്കുന്നത്. ജ്യോതിരാദിത്യ സിന്ധ്യ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതോടെ ഒഴിവുവന്ന സീറ്റിലാണ് ജോർജ് കുര്യൻ എത്തിയത്.(Rajya Sabha Election; Union Minister George Kurian submitted nomination)
കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രിയായ ജോർജ് കുര്യൻ ബുധനാഴ്ച രാവിലെ ഭോപാലിൽ എത്തി പത്രിക സമർപ്പിച്ചു. സംസ്ഥാന ബിജെപി അധ്യക്ഷൻ വി.ഡി.ശർമയ്ക്കൊപ്പം മുഖ്യമന്ത്രി മോഹൻ യാദവിനെ ഔദ്യോഗിക വസതിയിൽ സന്ദർശിച്ച ശേഷമാണ് അദ്ദേഹത്തിനും ഉപമുഖ്യമന്ത്രിമാർക്കും ഒപ്പം പത്രിക സമർപ്പിച്ചത്. കേന്ദ്ര വാർത്താവിനിമയ മന്ത്രിയായ സിന്ധ്യ, ഗുണ മണ്ഡലത്തിൽനിന്ന് ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
9 സംസ്ഥാനങ്ങളിലായി 12 രാജ്യസഭാ സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇതിൽ 11 എണ്ണവും മധ്യപ്രദേശിലാണ്. 230 അംഗ നിയമസഭയിൽ ബിജെപിക്ക് 163 എംഎൽഎമാരുടെ പിന്തുണയുണ്ട്. കോൺഗ്രസിന് 64, ഭാരത് ആദിവാസി പാർട്ടിക്ക് (ബിഎപി) 1 എന്നിങ്ങനെയാണ് കക്ഷിനില. 2 സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. സെപ്റ്റംബർ മൂന്നിനാണ് തിരഞ്ഞെടുപ്പ്.