ന്യൂ ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിനെ കാർ അപടകത്തിൽ നിന്ന് രക്ഷപ്പെടുത്തി ഹീറോ ആയ രജത് കുമാർ കാമുകിയുമൊത്ത് വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ. ഉത്തർപ്രദേശിലെ മുസാഫർ നഗർ സ്വദേശിയാണ് രജത് കുമാർ. ഇയാൾ കാമുകി മനു കശ്യപിനൊപ്പം(21) വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രിച്ചത്.
എന്നാൽ ഇയാൾക്കൊപ്പം വിഷം കഴിച്ച കാമുകി മനു കശ്യപ്(21) ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ചു. ഇരുവരുടെയും കുടുംബം പ്രണയം എതിർത്തതിനെത്തുടർന്നാണ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. യുപിയിലെ മുസാഫർനഗറിലെ ബുച്ചാ ബസ്തിയിൽ ഈ മാസം ഒമ്പതിനാണ് സംഭവമെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
വിഷം ഉള്ളിൽചെന്ന നിലയിൽ കണ്ടെത്തിയ രജത് കുമാറിനെയും മനു കശ്യപിനെയും പ്രദേശവാസികൾ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മനു കശ്യപ് ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. രജത് കുമാർ ഇപ്പോഴും ഗുരുതാരവസ്ഥയിൽ തുരുകയാണ്.
രജത് കുമാർ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. പ്രണയം അവഗണിച്ച് രണ്ടുപേരുടെയും കുടുംബംഗങ്ങൾ ഇരുവർക്കും വേറെ വിവാഹം ആലോചിച്ചതോടെയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
ജാതി വ്യത്യാസം കാരണമാണ് ഇരുവരുടെയും കുടുംബംഗങ്ങൾ വിവാഹത്തിന് വിസമ്മതിച്ചതെന്നാണ് റിപ്പോർട്ട്. അതിനിടെ മനു കശ്യപ് മരിച്ചതിന് പിന്നാലെ അമ്മ രജത് കുമാറിനെതിരെ മകളെ തട്ടിക്കൊണ്ടുപോയതിന് പരാതി നൽകി.