കേരളത്തിൽ വീണ്ടും മഴ വരുന്നു; ന്യൂനമർദ്ദം തീവ്ര ചുഴലിക്കാറ്റായി മാറിയേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
അറബിക്കടലിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെടാനാണ് സാധ്യത.
ഇത് ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറാമെന്നും അറിയിച്ചിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്നാണ് പ്രവചനം.
ആദ്യ ചുഴലിക്കാറ്റിന് ‘ശക്തി’ എന്ന പേര്
ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് രൂപപ്പെട്ടാൽ, ശ്രീലങ്ക നിർദേശിച്ച “ശക്തി” എന്ന പേരിലാണ് അറിയപ്പെടുക.
ആലപ്പുഴയിൽ നവജാത ശിശുവിനെ മാറി നൽകി
ഒഡിഷയ്ക്ക് മുകളിലെ അതിതീവ്ര ന്യൂനമർദ്ദം കുറച്ച് ബലം കുറഞ്ഞെങ്കിലും, ബംഗാൾ ഉൾക്കടലിൽ പുതുതായി രൂപപ്പെട്ട സിസ്റ്റം ശക്തി പ്രാപിക്കുകയാണ്.
നിലവിൽ ഇന്ത്യൻ തീരത്ത് ഞായറാഴ്ചവരെ വലിയ ഭീഷണിയില്ലെന്ന് അധികൃതർ വ്യക്തമാക്കി.
കേരളത്തിൽ ഇടിമിന്നൽ മഴക്കും സാധ്യത
കേരളത്തിലെ വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.
ഇന്ന് മുതൽ അടുത്ത രണ്ട് ദിവസം വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കുള്ള ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഒഡിഷ – ആന്ധ്ര തീരത്ത് കരതൊടും
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം ഒഡിഷ – ആന്ധ്ര പ്രദേശ് തീരത്ത്, ഗോപാൽപൂർ–പരദ്വീപ് മേഖലയിൽ കര തൊടാനാണ് സാധ്യത.
ഇതിനാൽ ആന്ധ്രയിലും ഒഡിഷയിലും വ്യാപകമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരളത്തിലും മഴ ശക്തമാകാനുള്ള സാധ്യത കാലാവസ്ഥ വിദഗ്ധർ മുന്നറിയിപ്പ് നൽകി.
കടൽപ്രദേശങ്ങളിൽ ശക്തമായ കാറ്റ്
ഗുജറാത്ത് തീരം, അറബിക്കടലിന്റെ വടക്കൻ, മധ്യ മേഖലകൾ, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി, വടക്കു–പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, പശ്ചിമ ബംഗാൾ, ബംഗ്ലാദേശ് തീരം എന്നിവിടങ്ങളിലെല്ലാം ശക്തമായ കാറ്റ് വീശാനാണ് സാധ്യത.
മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചിലപ്പോഴൊക്കെ 60 കിലോമീറ്റർ വേഗതയിലും കാറ്റ് വീശുമെന്നാണ് പ്രവചനം.
ജനങ്ങൾക്ക് മുന്നറിയിപ്പ്
ശക്തമായ കാറ്റും ഇടിമിന്നലും സാധ്യതയുള്ളതിനാൽ മേൽക്കൂര സ്ഥിരതയില്ലാത്ത വീടുകളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം.
അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നു ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും നിർദേശിച്ചു.









