ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാരിയില്‍ നിന്നും അധിക പിഴ ഈടാക്കിയെന്ന പരാതിയില്‍ റെയില്‍വേ 10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്. നിലമ്പൂര്‍- കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസ് ട്രെയിനിലെ യാത്രക്കാരിയായിരുന്ന മുള്ളമ്പാറ സ്വദേശി കാടന്‍തൊടി ഹിതയ്ക്ക് മലപ്പുറം ജില്ല ഉപഭോക്തൃ കമ്മീഷനില്‍ നിന്നാണ് അനുകൂലമായ വിധിയുണ്ടായത്.Railways ordered to pay compensation of Rs 10,000 on complaint of extra fine
ടിക്കറ്റ് പരിശോധനക്കിടയില്‍ പരാതിക്കാരിയില്‍ നിന്നും നിര്‍ബന്ധപൂര്‍വം അമിതമായി പിഴ ഈടാക്കുകയായിരുന്നുവെന്ന് കണ്ടെത്തിയാണ് വിധി. നഷ്ടപരിഹാരമായി 10,000 രൂപയും കോടതി ചെലവായി 5000 രൂപയും അധികമായി ഈടാക്കിയ 145 രൂപയും ഒരു മാസത്തിനകം നല്കണമെന്നും വീഴ്ച വന്നാല്‍ 12 ശതമാനം പലിശ നല്‍കണമെന്നും കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു.
രാജ്യറാണി എക്‌സ്പ്രസില്‍ വാണിയമ്പലത്തു നിന്നും കയറിയ ഹിതയുടെ പക്കല്‍ അങ്ങാടിപ്പുറത്തുനിന്ന് കൊച്ചുവേളിയിലേക്കുള്ള തത്കാല്‍ യാത്രാടിക്കറ്റാണ് ഉണ്ടായിരുന്നത്. വാണിയമ്പലത്തു നിന്ന് ടിടിഇ ടിക്കറ്റ് പരിശോധിച്ചപ്പോള്‍ അങ്ങാടിപ്പുറം മുതലുള്ള ടിക്കറ്റാണ് ഇവരുടെ കയ്യിലുള്ളതെന്ന് കണ്ടെത്തി.
തുടര്‍ന്ന്, മതിയായ ടിക്കറ്റ് ഇല്ലാത്തതിനാല്‍ പിഴയായി 250 രൂപയും ട്രെയിന്‍ പുറപ്പെട്ട നിലമ്പൂരില്‍ നിന്നും ടിക്കറ്റ് പരിശോധന നടക്കുന്നത് വരേക്കും ഉള്ള യാത്ര ടിക്കറ്റായി 145 രൂപയും ചുമത്തി. ഇതിനു പുറമെ അങ്ങാടിപ്പുറത്തേക്ക് യാത്ര ചെയ്യാന്‍ 145 രൂപ കൂടി യുവതിയില്‍ നിന്നും ടിക്കറ്റ് എക്‌സാമിനര്‍ വാങ്ങിയതായി പരാതിയില്‍ പറയുന്നു.