കൊച്ചി: പരമ്പരാഗത റെയിൽവേ ഗേറ്റുകൾക്ക് വിട.സംസ്ഥാനത്തെ റെയിൽവേ ഗേറ്റുകൾ ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് മാറുന്നു.ഇപ്പോൾ എറണാകുളം ഉൾപ്പെടെയുള്ള ചില സ്റ്റേഷനുകളിൽ ഈ സിഗ്നലിങ് സംവിധാനമുണ്ട്.തിരുവനന്തപുരം റെയിൽവേ ഡിവിഷനുകീഴിലുള്ള തുറവൂർ-എറണാകുളം റീച്ചിൽ നാലുകുളങ്ങര, ടി.ഡി. റെയിൽവേ ഗേറ്റുകളിൽ ഈ സംവിധാനം നടപ്പായി.
സംസ്ഥാനത്തോട്ടാകെ ഇത്തരം ഗേറ്റുകൾ നിർമിക്കാനാണ് പദ്ധതി.
സ്വിച്ച് ഇട്ടാൽ പ്രവർത്തിക്കുന്ന ഗേറ്റുകൾവരുമ്പോൾ ഗേറ്റ് കീപ്പറുടെ ശാരീരികാധ്വാനം കുറയും. റെയിൽ ഗതാഗതത്തിലെ സുരക്ഷിതത്വവും കൂടും.
ആലപ്പുഴയിലെ തുറവൂർ റെയിൽവേസ്റ്റേഷനിലെ സിഗ്നലിങ് സംവിധാനവും ഓട്ടോമാറ്റിക്കായി. ദക്ഷിണ റെയിൽവേയിൽ മധുരയിലാണ് ഇത് ആദ്യം നടപ്പാക്കിയത്. രണ്ടാമത്തെ സ്ഥലമാണ് തുറവൂർ.
സ്റ്റേഷനുകളിലെ സിഗ്നലിങ് സംവിധാനം ഓട്ടോമാറ്റിക് ആവുന്നതോടെ പരമ്പരാഗതരീതിയിൽ സ്റ്റേഷൻമാസ്റ്റർ പ്രവർത്തിപ്പിക്കുന്ന സിഗ്നലിങ് സംവിധാനവും മാറും.
ഓട്ടോമാറ്റിക് ആയാലും ഏതെങ്കിലുംസാഹചര്യത്തിൽ പ്രവർത്തനത്തിന് തകരാറുണ്ടായാൽ ഗേറ്റ് പഴയപടി പ്രവർത്തിപ്പിക്കാനും കഴിയും. തുറവൂരിലെ രണ്ടുഗേറ്റുകൾ ഓട്ടോമാറ്റിക് ആവുന്നതിനും സിഗ്നലിങ് സംവിധാനം നവീകരിക്കുന്നതിനും 10 കോടിയോളം രൂപ ചെലവായി.