മുംബൈ: വിവാഹ ശേഷമാണ് നടി അസിൻ തോട്ടുങ്കൽ സിനിമാ രംഗത്ത് നിന്നും വിട പറഞ്ഞത്. മെെക്രോമാക്സ് സ്ഥാപകനായ രാഹുൽ ശർമ്മയെയാണ് അസിൻ വിവാഹം കഴിച്ചത്. 2016 ലെ താര വിവാഹം ഏറെ ചർച്ചയായി. സ്വകാര്യത ഇഷ്ടപ്പെടുന്നവരാണ് അസിനും രാഹുൽ ശർമ്മയും. വിവാഹ ശേഷം അസിനെ ലൈം ലൈറ്റിൽ കണ്ടിട്ടേയില്ല.
16000 കോടിയുടെ വരുമാനത്തിൽ നിന്ന് വെറും അഞ്ച് വർഷം കൊണ്ട് തകർന്നതെങ്ങനെയെന്ന് വെളിപ്പെടുത്തി മൈക്രോമാക്സ് ഉടമയും നടി അസിന്റെ ഭർത്താവുമായ രാഹുൽ ശർമ്മ രംഗത്തെത്തിയിരിക്കുകയാണ്.
മൊബൈൽ ഫോൺ രംഗത്തെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നായ മൈക്രോമാക്‌സിന്റെ സഹസ്ഥാപകനായിരുന്നു രാഹുൽ ശർമ്മ.
വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇന്ത്യൻ വിപണിയിൽ ആധിപത്യം സ്ഥാപിക്കുകയും അന്താരാഷ്ട്ര ബ്രാൻഡുകളെ വരെ ഏറ്റെടുക്കുകയും ചെയ്തെങ്കിലും കുറച്ച് വർഷങ്ങൾക്ക് ശേഷം കൂപ്പുകുത്തി.
ഇന്ത്യൻ വിപണിയിലേക്ക് ചൈനീസ് ബ്രാൻഡുകൾ ഉയർന്നുവന്നതായിരുന്നു മൈക്രോമാക്സിന്റെ തകർച്ചക്ക് കാരണമെന്ന് രാഹുൽ ശർമ പറയുന്നു. രാജ് ഷമാനിയുടെ പോഡ്‌കാസ്റ്റിലായിരുന്നു രാഹുൽ ശർമയുടെ തുറന്ന് പറച്ചിൽ.
മൈക്രോമാക്‌സ് ലോകത്തിലെ തന്നെ ഏറ്റവും വലിയ 10 മൊബൈൽ ഫോൺ കമ്പനികളിൽ ഒന്നായിരുന്നു. നോക്കിയ , സാംസങ് തുടങ്ങിയ കമ്പനികളിൽ നിന്നുള്ള മത്സരത്തെ ഇന്ത്യയിൽ വിജയകരമായി അതിജീവിച്ച സ്ഥാപനം.
12,000 കോടി മുതൽ 15,000 കോടി രൂപ വരെ വിറ്റുവരവ് നേടിയിരുന്നു. എന്നാൽ അധികം താമസിയാതെ കാര്യങ്ങൾ മാറിമറിഞ്ഞു. ബൗൺസറുകൾക്ക് പിന്നാലെ ബൗൺസറുകൾ, പിന്നെ ഫുൾടോസിൽ ക്ലീൻ ബൗൾഡ്- എന്നാണ് തകർച്ചയെ പറ്റി രാഹുൽ വിശേഷിപ്പിച്ചത്.
‘മൈക്രോമാക്സിൽ സംഭവിച്ചത് മൈക്രോമാക്സിൽ മാത്രം സംഭവിച്ചതല്ല. അതൊരു ആഗോള പ്രതിഭാസമായിരുന്നു എന്നും രാഹുൽ പറയുന്നു. അക്കാലത്ത് ആഗോളതലത്തിൽ ധാരാളം ബ്രാൻഡുകൾ ഉണ്ടായിരുന്നു. പക്ഷേ ആളുകൾ ഞങ്ങളെക്കുറിച്ച് സംസാരിച്ചു. ഇതിനിടെ വിതരണ ശൃംഖല മാറാൻ തുടങ്ങി.