താക്കീത്, സസ്‌പെൻഷൻ, അല്ലെങ്കിൽ പുറത്താക്കൽ; രാഹുലിനെ അയോഗ്യനാക്കാന്‍ നിയമസഭയ്ക്ക് അധികാരം; സ്പീക്കറുടെ നിലപാട് നിര്‍ണായകം
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ അറസ്റ്റിലായ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ നിയമസഭ സ്വീകരിക്കേണ്ട നടപടികളിൽ നിയമോപദേശം നിർണായകമാകും.
അറസ്റ്റ് സംബന്ധിച്ച റിപ്പോർട്ട് പ്രത്യേക അന്വേഷണസംഘം (എസ്ഐടി) സ്പീക്കർക്ക് കൈമാറിയിട്ടുണ്ട്. വിഷയം നിയമസഭയുടെ പ്രവിലേജ് ആന്റ് എത്തിക്‌സ് കമ്മിറ്റിക്ക് വിടണമോയെന്നത് സ്പീക്കർ തീരുമാനിക്കും.
കമ്മിറ്റിക്ക് വിഷയം വിട്ടാൽ, തുടർനടപടികളിൽ നിർണായക പങ്ക് വഹിക്കുക സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ എന്നിവരടങ്ങുന്ന നേതൃത്വമായിരിക്കും.
രാഹുലിനെ അയോഗ്യനാക്കുന്നതടക്കമുള്ള ശുപാർശകൾ എത്തിക്‌സ് കമ്മിറ്റിയിലാണ് തയ്യാറാക്കേണ്ടത്.
സിപിഎം പ്രതിനിധിയായ മുരളി പെരുനെല്ലിയാണ് നിയമസഭയുടെ പ്രവിലേജ് ആന്റ് എത്തിക്‌സ് കമ്മിറ്റിയുടെ അധ്യക്ഷൻ.
കമ്മിറ്റിയിൽ സിപിഎമ്മിൽ നിന്ന് എം.വി. ഗോവിന്ദൻ, ടി.പി. രാമകൃഷ്ണൻ, കെ.കെ. ശൈലജ, എച്ച്. സലാം എന്നിവർ അംഗങ്ങളാണ്.
സിപിഐയിൽ നിന്ന് പി. ബാലചന്ദ്രൻ, ജെഡിഎസിൽ നിന്ന് മാത്യു ടി. തോമസ്, യുഡിഎഫിൽ നിന്ന് റോജി എം. ജോൺ (കോൺഗ്രസ്), യു.എ. ലത്തീഫ് (മുസ്ലിം ലീഗ്) എന്നിവരും കമ്മിറ്റിയിലുണ്ട്.
രാഹുലിനെ നിയമസഭയിൽ നിന്ന് നീക്കണമെന്ന ശുപാർശ കമ്മിറ്റി നൽകുകയും അത് സഭ അംഗീകരിക്കുകയും ചെയ്താൽ, കേരള നിയമസഭയിൽ നിന്ന് പുറത്താക്കപ്പെടുന്ന ആദ്യ എംഎൽഎയായിരിക്കും രാഹുൽ മാങ്കൂട്ടത്തിൽ.
അറസ്റ്റ് വിവരം വ്യക്തമാക്കുന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അച്ചടക്ക നടപടി വേണമോയെന്ന് പരിശോധിക്കാൻ സ്പീക്കർക്ക് കമ്മിറ്റിയെ ചുമതലപ്പെടുത്താം. ഏതെങ്കിലും എംഎൽഎ സമർപ്പിക്കുന്ന പരാതിയിലും നടപടികൾ ആരംഭിക്കാം.
പരാതിക്കാരിൽ നിന്ന് തെളിവുകൾ ശേഖരിച്ച ശേഷം കമ്മിറ്റി ശുപാർശകളോടെ റിപ്പോർട്ട് നിയമസഭയിൽ സമർപ്പിക്കും. തുടർന്ന് മുഖ്യമന്ത്രിയാണ് റിപ്പോർട്ടിലെ നിർദേശങ്ങൾ പ്രമേയമായി സഭയിൽ അവതരിപ്പിക്കേണ്ടത്.
താക്കീത്, സസ്‌പെൻഷൻ, അല്ലെങ്കിൽ പുറത്താക്കൽ എന്നിവയിൽ ഏതെങ്കിലും നടപടിയാണ് പ്രമേയത്തിൽ ഉൾപ്പെടുക. നിയമസഭ പ്രമേയം അംഗീകരിക്കുന്നതോടെ നടപടി പ്രാബല്യത്തിലാകും.
അതേസമയം, എംഎൽഎ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടാലും, തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് നിയമപരമായ വിലക്കുണ്ടാകില്ല.
English Summary
Legal opinion will be crucial in deciding the Kerala Assembly’s action against MLA Rahul Mankootathil, who was arrested in a rape case. The SIT has submitted the arrest report to the Speaker, who may refer the matter to the Privilege and Ethics Committee. If the committee recommends removal and the Assembly approves it, Rahul would become the first MLA to be expelled from the Kerala Assembly. The committee can suggest actions ranging from warning and suspension to expulsion, though expulsion will not bar him from contesting future elections.
rahul-mankootathil-rape-case-kerala-assembly-ethics-committee-action
Rahul Mankootathil, Kerala Assembly, rape case, Ethics Committee, Privilege Committee, SIT report, CPM, LDF, political news, Kerala politics









