വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി
പാലക്കാട്: ബലാത്സംഗ പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് മുൻകൂട്ടി തയ്യാറാക്കിയ കൃത്യമായ ആസൂത്രണത്തിലൂടെയെന്ന് സൂചന.
ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനും ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയുമടക്കം എട്ട് അംഗങ്ങളടങ്ങുന്ന സംഘമാണ് രാത്രി 12.30ഓടെ പാലക്കാട്ടെ കെപിഎം ഹോട്ടലിൽ നിന്ന് രാഹുലിനെ കസ്റ്റഡിയിലെടുത്തത്.
ഇന്നലെ രാവിലെയാണ് രാഹുൽ പാലക്കാടെത്തിയത്. ഫ്ലാറ്റ് ഒഴിഞ്ഞതിന് ശേഷം കെപിഎം ഹോട്ടലിലായിരുന്നു അദ്ദേഹത്തിന്റെ താമസം.
പാലക്കാടെത്തിയ നിമിഷം മുതൽ രാഹുൽ പൊലീസ് നിരീക്ഷണത്തിലായിരുന്നുവെന്നാണ് വിവരം. രണ്ട് ജീപ്പുകളിലായി എത്തിയ പൊലീസ് സംഘം കൃത്യമായ പ്ലാനിങ്ങോടെയാണ് ഹോട്ടലിൽ എത്തിയത്.
ഹോട്ടൽ റിസപ്ഷനിലെ ജീവനക്കാരുടെ മൊബൈൽ ഫോണുകൾ പൊലീസ് ആദ്യം പിടിച്ചെടുത്തു. തുടർന്ന് എംഎൽഎ താമസിച്ചിരുന്ന മുറിയിലെത്തി.
മുറിയിൽ നിന്ന് പുറത്തേക്ക് വരാൻ രാഹുൽ ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് പൊലീസ് നിർദേശത്തിന് വഴങ്ങി.
അഭിഭാഷകനെ കാണാൻ സമയം അനുവദിക്കണമെന്ന ആവശ്യവും പൊലീസ് അംഗീകരിച്ചില്ലെന്നാണ് ആരോപണം.
ഹോട്ടൽ സ്റ്റാഫ് അംഗങ്ങൾ മുറിയിൽ ഇല്ലാത്ത സമയത്താണ് പൊലീസ് കസ്റ്റഡി നടപടികൾ പൂർത്തിയാക്കിയത്.
യൂണിഫോമിലെത്തിയ പൊലീസ് സംഘം രാഹുലിനെ എവിടേക്കാണ് കൊണ്ടുപോയതെന്നത് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
കസ്റ്റഡിയിലെടുത്ത ശേഷം ആലത്തൂരിലേക്ക് കൊണ്ടുപോകുമെന്നാണ് പൊലീസ് അറിയിച്ചതെന്ന് എംഎൽഎയുടെ പിഎ പറഞ്ഞു.
എന്നാൽ ആലത്തൂർ സ്റ്റേഷനിൽ രാഹുലിനെ എത്തിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി.
പത്തനംതിട്ട പൊലീസാണ് കസ്റ്റഡി നടപടികൾ നടത്തിയതെന്നും പാലക്കാട്ടുനിന്ന് രാഹുലിനെ കൊണ്ടുപോയെന്നുമാണ് സൂചന.
നിലവിൽ രാഹുലിനെതിരെ മൂന്ന് ബലാത്സംഗ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആദ്യ കേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാം കേസിൽ വിചാരണ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
മണ്ഡലത്തിൽ വീണ്ടും സജീവമായതിനിടെയാണ് പുതിയ കേസിലൂടെ രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും നിയമക്കുരുക്ക്.
ഇ-മെയിൽ വഴി ലഭിച്ച യുവതിയുടെ പരാതിയിലാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തതെന്നാണ് വിവരം. ഈ കേസിലും നിർബന്ധിത ഗർഭഛിദ്രം, ബലാത്സംഗം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
English Summary
Palakkad MLA Rahul Mankootathil was taken into police custody late at night from a hotel in Palakkad following a rape complaint. An eight-member police team carried out the operation with prior planning. The latest case was registered based on a complaint received via email, alleging rape and forced abortion. Rahul already faces three rape cases, with courts having granted him relief in earlier cases.
rahul-mankootathil-police-custody-palakad-rape-case
Rahul Mankootathil, Palakkad MLA, Rape Case, Kerala Politics, Police Custody, Breaking News, Kerala Crime News, Congress MLA, Sexual Assault Case









