കൊച്ചി: കടയുടെ മുന്നിൽ മദ്യപിച്ച് കിടന്നുറങ്ങിയത് ചോദ്യം ചെയ്ത കെട്ടിട ഉടമക്ക് ക്രൂരമർദ്ദനമേറ്റു. കലൂർ സെന്റ് ഫ്രാൻസീസ് ചർച്ച് റോഡിൽ കനാകാത്ത് വീട്ടിൽ ജോജി ഫ്രാൻസിസി(52)നാണ് മർദനമേറ്റത്. സംഭവത്തിൽ തമിഴ്നാട് തഞ്ചാവൂർ സ്വദേശി ശക്തിവേലി(43)നെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു.(Questioned about sleeping in front of the shop; building owner was brutally beaten)
ആക്രമണത്തിൽ തലക്കും കണ്ണിനും ഗുരുതര പരിക്കേറ്റ ജോജി കലൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. ഞായറാഴ്ച രാത്രി പത്തരയോടെ കലൂർ സെന്റ് ഫ്രാൻസീസ് ചർച്ച് റോഡിലാണ് സംഭവം. ഇവിടെയുള്ള കെട്ടിടത്തിന്റെ ഉടമയാണ് ജോജി. കടവരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന ശക്തിവേലിനെ ഒഴിപ്പിക്കാനുള്ള ശ്രമത്തെ തുടർന്ന് ജോജിയ്ക്ക് മർദ്ദനമേൽക്കുകയായിരുന്നു.
കലൂരും പരിസര പ്രദേശത്തും അലഞ്ഞുനടക്കുന്നയാളാണ് ശക്തിവേൽ. തലയിണയായി വെച്ചിരുന്ന ഹാൻഡ് ബാഗ് എടുത്തുമാറ്റിയതോടെ അക്രമാസക്തനായ ശക്തിവേൽ ജോജിയെ ആക്രമിക്കുകയായിരുന്നു. തല ടൈലിലേക്ക് ഇടിപ്പിച്ചതോടെ ജോജി ബോധരഹിതനായി. പിന്നാലെ ശക്തിവേൽ സ്ഥലംവിട്ടു. വഴിയാത്രക്കാരാണ് ജോജിയെ ആശുപത്രിയിലെത്തിച്ചത്.
ജോജിയുടെ സഹോദരനാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. നോർത്ത് സി.ഐ പ്രതാപചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കകം കലൂർ മെട്രോ സ്റ്റേഷൻ പരിസരത്ത് കിടന്നുറങ്ങുകയായിരുന്ന ശക്തിവേലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സി.സി ടി.വി ദൃശ്യമാണ് പ്രതിയെ പിടികൂടാൻ പൊലീസിനെ സഹായകരമായത്.