ബംഗളുരു: യുവാവിനെ ഓടുന്ന ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് തള്ളിയിട്ട സംഭവത്തിൽ രണ്ട് പേർ പിടിയിൽ. യാത്രയ്ക്കിടെയുണ്ടായ തർക്കത്തെ തുടർന്നാണ് സഹയാത്രികനായ അപരിചിതനെ രണ്ട് പേർ ചേർന്ന് പുറത്തേക്ക് തള്ളിയിട്ടത്.
ഇയാളെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബംഗളുരുവിൽ കഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവമുണ്ടായത്.
കർണാടകയിലെ കലുബർഗി ജില്ലയിലെ സേദം സ്വദേശികളായ ദേവപ്പ (45), വീരപ്പ (31) എന്നിവരാണ് പിടിയിലായത്. എന്നാൽ മരിച്ചയാളിനെ തിരിച്ചറിയാൻ ഇതുവരെ സാധിച്ചിട്ടില്ല.
യെശ്വന്ത്‍പൂർ – ബിദർ എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നു ഇവർ മൂവരും. ട്രെയിൻ കൊടിഗെഹള്ളിക്കും യെലഹങ്കയ്ക്കും ഇടയിൽ എത്തിയപ്പോൾ യുവാവ് ട്രെയിനിലെ ടോയ്‍ലറ്റിനും ഡോറിനും ഇടയിലുള്ള സ്ഥലത്ത് ഇരിക്കാൻ ശ്രമിച്ചതോടെയാണ് തർക്കം തുടങ്ങിയത്.
ഇവിടെ ദേവപ്പയും വീരപ്പയും നേരത്തെ തന്നെ സ്ഥലം പിടിച്ചിരുന്നു. യുവാവ് ഇവിടെ വന്നിരുന്നപ്പോൾ രണ്ട് പേരിൽ ഒരാളുടെ മുകളിലേക്കാണ് ഇരുന്നത്. ഇതിനെച്ചൊല്ലി തർക്കമുണ്ടാവുകയും അത് പിന്നീട് അടിപിടിയിലെത്തുകയും ആയിരുന്നു.
ഇതിനിടെ ഇവർ രണ്ട് പേരും ചേർന്ന് യുവാവിനെ വാതിലിലൂടെ പുറത്തേക്ക് തള്ളിയിട്ടു. സംഭവം കണ്ടുകൊണ്ടിരുന്ന കുമാർ എംജി എന്ന യാത്രക്കാരൻ 112ൽ വിളിച്ച് അധികൃതരെ ഇക്കാര്യം അറിയിച്ചു.
ഈ സമയത്തിനിടെ ട്രെയിനിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ ദേവപ്പയെയും വീരപ്പയെയും ആക്രമിച്ച് കീഴ്പ്പെടുത്തി. ഇതിനിടെ മറ്റ് യാത്രക്കാർ ചങ്ങല വലിച്ചതോടെ ദോഡ്ഡബല്ലപൂർ സ്റ്റേഷന് സമീപത്ത് ട്രെയിൻ നിന്നു. ഇരുവരും പുറത്തിറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.
എന്നാൽ റെയിൽവേസ്റ്റേഷൻ പരിസത്തു നിന്ന് പുറത്തു കടക്കുന്നതിന് മുമ്പ് തന്നെ ഇവരെ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു.
ഇരുവരും ട്രാക്കിലേക്ക് തള്ളിയിട്ട യുവാവിന്റെ മൃതദേഹം പിറ്റേദിവസം രാവിലെയാണ് പോലീസ് കണ്ടെടുത്തത്. മരിച്ചയാളെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.