മലപ്പുറം: നിലമ്പൂർ എം.എൽ.എ പി വി അൻവറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തവനൂർ സബ് ജയിലിലാണ് നിലവിൽ അൻവറി റെ പാർപ്പിച്ചിരിക്കുന്നത്. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെത്തിച്ച് രണ്ടാം തവണയും വൈദ്യപരിശോധന നടത്തിയ ശേഷമാണ് തവനൂർ ജയിലിലേക്ക് എത്തിച്ചത്. അതേ സമയം പി വി അൻവർ ഇന്ന് ജാമ്യാപേക്ഷ നൽകുമെന്നാണ് സൂചന.
നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത കേസിലാണ് ഇന്നലെ രാത്രി അൻവറിനെ അറസ്റ്റ് ചെയ്തത്. ഈ കേസിൽ അൻവർ ഒന്നാം പ്രതിയാണ്. ജാമ്യമില്ലാ വകുപ്പുകൾ അടക്കം ചുമത്തിയ കേസിൽ അൻവർ അടക്കം 11 പേരാണ് പ്രതികൾ.
കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയത്. മലപ്പുറത്ത് ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചാണ് വനംവകുപ്പ് ഓഫീസ് ആക്രമണത്തിലേക്കെത്തിയത്.