പുനെ: മഹാരാഷ്ട്രയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മരിച്ച മൂന്ന് പേരില്‍ മലയാളിയും. കൊല്ലം കുണ്ടറ സ്വദേശിയായ പൈലറ്റ് ഗിരീഷ് പിള്ളയാണ് (56) മരിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. വ്യോമസേനയിലെ പൈലറ്റ് ആയി വിരമിച്ചയാളാണ് ഗിരീഷ് പിള്ള.(Pune helicopter crash: Malayali among the dead)
പുനെയിലെ ബാവ്ധാനില്‍ ഇന്ന് രാവിലെ 6.45 ഓടെയാണ് അപകടം നടന്നത്. ഗിരീഷ് പിള്ളയ്ക്ക് പുറമേ മറ്റൊരു പൈലറ്റും ഒരു എന്‍ജിനീയറുമാണ് അപകടത്തിൽപ്പെട്ടത്. മലയോര മേഖലയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നതെന്ന് പിംപ്രി ചിഞ്ച്വാഡ പൊലീസ് അറിയിച്ചു. ഹെറിറ്റേജ് ഏവിയേഷന്റെ VT-EVV രജിസ്‌ട്രേഷനുള്ള അഗസ്റ്റ 109 ഹെലികോപ്റ്ററാണ് തകര്‍ന്നതെന്ന് ഡിജിസിഎ അറിയിച്ചു.
പുനെയിലെ ഒക്‌സ്ഫര്‍ഡ് ഗോള്‍ഫ് ക്ലബ്ബിന്റെ ഹെലിപാഡില്‍ നിന്നാണ് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രദേശത്തെ കനത്ത മൂടല്‍മഞ്ഞാണ് അപകടത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.