ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു
പൂനെ: ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. മിലിന്ദ് കുൽക്കർണി എന്ന യുവാവാണ് മരിച്ചത് 37 വയസായിരുന്നു. പൂനെയിലെ പിംപ്രി-ചിഞ്ച്‌വാഡിലുള്ള ജിമ്മിൽ വ്യായാമം ചെയ്ത ശേഷം വെള്ളം കുടിച്ചതിന് പിന്നാലെ യുവാവ് ബോധരഹിതനായി വീഴുകയായിരുന്നു. ജിമ്മിലുണ്ടായിരുന്ന ആളുകൾ ചേർന്ന് ഉടൻ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. യുവാവ് ബോധരഹിതനായി വീഴുന്നത് ജിമ്മിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യ ഡോക്ടറാണ്. കഴിഞ്ഞ ആറ് മാസമായി കുൽക്കർണി ജിമ്മിൽ പോകുന്നുണ്ടായിരുന്നു. ഏതാനും നാളുകളായി 50 വയസ്സിന് താഴെയുള്ളവരിൽ ഹൃദയാഘാതത്തിൽ കുത്തനെ വർദ്ധനവ് കാണപ്പെടുന്നു. 30 കളിലും 40 കളിലും പ്രായമുള്ളവരിൽ ഹൃദയാഘാതത്തിൽ വർദ്ധനവ് ഉണ്ടായിട്ടുള്ളതായി നിരവധി ആഗോള മെഡിക്കൽ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
ജിമ്മിൽ നേരത്തെ എത്തി, വ്യായാമത്തിനിടെ കുഴഞ്ഞു വീണു; കൊച്ചിയിൽ യുവാവിന് ദാരുണാന്ത്യം
കൊച്ചി: ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. മുളന്തുരുത്തി പെരുമ്പിള്ളി ചാലപ്പുറത്ത് രാജ് (42) ആണ് ഇന്നു രാവിലെ 5.30ന് ജിമ്മിൽ കുഴഞ്ഞുവീണു മരിച്ചത്. മുളന്തുരുത്തി പാലസ് സ്‌ക്വയറിലുള്ള ജിമ്മിൽ സംഭവ സമയത്ത് ആരുമുണ്ടായിരുന്നില്ല.
ഇടയ്ക്കിടെ വ്യായാമം ചെയ്യാൻ ജിമ്മിലെത്തിയിരുന്ന ആളായിരുന്നു രാജ്. സാധാരണയായി രാവിലെ 6 മണിയോടെയാണ് ജിമ്മിൽ എത്താറുള്ളത്. എന്നാൽ മറ്റാവശ്യങ്ങൾ ഉള്ളതിനാൽ ഇന്നു രാവിലെ 5 മണിയോടെ എത്തി ജിം തുറന്ന് വ്യായാമം തുടങ്ങി. 5.26ന് കുഴഞ്ഞു വീഴുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം.
ഇതിനു മുൻപ് നെഞ്ചിൽ കൈകൾ അമർത്തിക്കൊണ്ട് ഏതാനും സെക്കന്റുകൾ നടക്കുന്നതും ഇരിക്കുന്നതും സിസിടിവിയിൽ കാണാം. ഒരു മിനിറ്റോളം ഇരുന്ന ശേഷം താഴേക്കു കുഴഞ്ഞു വീഴുകയായിരുന്നു.
20 മിനിറ്റോളം തറയിൽ കിടന്ന രാജിനെ 5.45ന് ജിമ്മിലെത്തിയവരാണ് കാണുന്നത്. ഉടൻ സിപിആർ നൽകി ആരക്കുന്നത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
രാജിന്റെ വീട്ടിൽ നിന്ന് ജിമ്മിലേക്ക് ഒന്നര കിലോമീറ്ററോളം ദൂരം മാത്രമേയുള്ളൂ. ചാലപ്പുറം ഏബ്രഹാമിന്റെയും (തമ്പി) ഗ്രേസിയുടെയും മകനാണ്. ഭാര്യ ലിജി വിദേശത്ത് നഴ്‌സായി ജോലി ചെയ്യുന്നു. മുളന്തുരുത്തിയിൽ രാജ് നേരത്തെ മെഡിക്കൽ സ്റ്റോർ നടത്തിയിരുന്നു.
ജിമ്മിൽ ട്രെഡ് മില്ലിൽ നടക്കവേ ബാലൻസ് തെറ്റി ജനലിലൂടെ കെട്ടിടത്തിനു താഴേക്ക് വീണ് 22കാരിയായ യുവതിക്ക് ദാരുണാന്ത്യം
ജിമ്മിൽ ട്രെഡ് മില്ലിൽ നടക്കവേ ബാലൻസ് തെറ്റി ജനലിലൂടെ കെട്ടിടത്തിനു താഴേക്ക് വീണ് 22കാരിയായ യുവതിക്ക് ദാരുണാന്ത്യം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. മുഖം തുടയ്ക്കാനായി ടവൽ എടുക്കുമ്പോൾ ബാലൻസ് തെറ്റി തുറന്നുകിടന്ന ജനലിലൂടെ കെട്ടിടത്തിനു താഴേക്ക് വീഴുന്നതാണ് വിഡിയോയിലുള്ളത്. യുവതിയുടെ പേര് പുറത്തുവിട്ടിട്ടില്ല.
ഇന്തോനീഷ്യയിലെ പോണ്ടിയാനകിൽ ആണ് സംഭവം നടന്നത്. വീഴുമ്പോൾ ജനലിൽ പിടിക്കാൻ യുവതി ശ്രമിച്ചെങ്കിലും മൂന്നുനില കെട്ടിടത്തിൽനിന്ന് താഴേക്ക് വീണു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടകരമായ രീതിയിലാണ് ട്രെഡ്മിൽ സ്ഥാപിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ജനൽ തുറക്കരുതെന്ന് ജിം അധികൃതർ സ്റ്റിക്കർ പതിച്ചിരുന്നെങ്കിലും അവ ഇളകിപോയിരുന്നതായി കണ്ടെത്തി.
അപകടം നടക്കുന്ന സമയത്ത് ജിമ്മിലെ പരിശീലകൻ മറ്റൊരു ഭാഗത്തായിരുന്നു. ജിം മൂന്നു ദിവസത്തേക്ക് അടച്ചു.ആൺസുഹൃത്തിനോടൊപ്പമാണ് യുവതി ജിമ്മിലെത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആൺസുഹൃത്ത് രണ്ടാംനിലയിൽ വ്യായാമം ചെയ്യുമ്പോഴാണ് യുവതി മൂന്നാം നിലയിൽനിന്ന് വീണത്.
English Summary :
Milind Kulkarni, a 37-year-old man, collapsed and died after working out at a gym in Pimpri-Chinchwad, Pune. He lost consciousness shortly after drinking water post-exercise.