സംസ്ഥാനത്ത് ചൂടേറിയതോടെ കുപ്പിവെള്ളത്തിനും ശീതള പാനീയങ്ങളുടെയും വിൽപ്പന കുതിച്ചുയർന്നിരിക്കുകയാണ്. ഇതിനിടെ സംസ്ഥാനസർക്കർ ഉടമസ്ഥതയിലുള്ള ജനപ്രിയ കുപ്പിവെള്ള ബ്രാൻഡായ ‘ഹില്ലി അക്വ’ അഞ്ച് ലിറ്ററിന്റെയും 20 ലിറ്ററിന്റെയും ജാറുകളിൽ തൊടുപുഴയിലെ പ്ലാന്റിൽ നിന്നും കുടിവെള്ളം ലഭ്യമാക്കാൻ സജ്ജമായി. ഇതിനായി സ്ഥാപിച്ച പ്ലാന്റിന്റെയും നവീകരിച്ച ഫാക്ടറി ഔട്ലെറ്റും തിങ്കളാഴ്ച മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.
ജലവിഭവ വകുപ്പിനു കീഴിലുള്ള പൊതുമേഖലാസ്ഥാപനമായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷനാണ് (കിഡ്ക്) ‘ഹില്ലി അക്വ’യുടെ ഉത്പാദനവും വിതരണവും നടത്തുന്നത്. 2015 ൽ മ്രാലയിലെ ഫാക്ടറിയിൽ ഒരു ലിറ്റർ കുപ്പിവെള്ളം ഉൽപാദിച്ചാണ് തുടക്കം. തുടർന്ന് രണ്ടു ലിറ്ററിന്റെയും അര ലിറ്ററിന്റെയും കുപ്പിവെള്ളം ഉദ്പാദനവും തുടങ്ങി. 2020ൽ തിരുവനന്തപുരം അരുവിക്കരയിലും ‘ഹില്ലി അക്വ’ പ്ലാന്റ് തുറന്നു. ഇവിടെ തുടക്കത്തിൽ 20 ലിറ്റർ ജാർ മാത്രമായിരുന്നു ഉൽപാദനം. പിന്നീട് അര ലിറ്റർ, ഒരു ലിറ്റർ, രണ്ടുലിറ്റർ കുപ്പിവെള്ളവും ഇവിടെ ഉദ്പാദിപ്പിച്ച് വിപണിയിലെത്തിച്ചു.
ഒരു ലിറ്റർ കുപ്പിവെള്ളത്തിന് സ്വകാര്യ കമ്പനികൾ 20 രൂപ ഈടാക്കുമ്പോൾ ‘ഹില്ലി അക്വ’യ്ക്ക് പതിനഞ്ചു രൂപയാണ് പരമാവധി വിൽപന വില. ഫാക്ടറി ഔട്‌ലെറ്റുകൾ, റേഷൻ കടകൾ, കൺസ്യൂമർ ഫെഡ് സ്റ്റോറുകൾ, നീതി മെഡിക്കൽ സ്റ്റോറുകൾ, ത്രിവേണി, ജയിൽ ഔട്‌ലെറ്റുകൾ ഉൾപ്പെടെ തെരഞ്ഞെടുത്ത കൗണ്ടറുകളിൽ നിന്ന് 10 രൂപയ്ക്ക് ഒരു ലിറ്റർ കുപ്പിവെള്ളവും ലഭിക്കും. അര ലിറ്റർ, രണ്ടു ലിറ്റർ കുപ്പിവെള്ളവും കുറഞ്ഞനിരക്കിൽ ഫാക്ടറി ഔട്‌ലെറ്റുകളിൽ ലഭ്യമാണ്. കുപ്പിവെള്ളത്തിന് ആവശ്യകത വർധിച്ചതോടെ കഴിഞ്ഞ ഡിസംബർ മുതൽ പ്ലാന്റുകളിൽ അഡീഷണൽ ഷിഫ്റ്റുകൾ പ്രവർത്തനം തുടങ്ങിയിരുന്നു. 5, 20 ലിറ്റർ ജാറുകളുടെ വിതരണം മ്രാലയിൽ നിന്ന് വൈകാതെ ആരംഭിക്കാനാണ് കിഡ്കിന്റെ ശ്രമം.
2022-23 സാമ്പത്തിക വർഷം 5.22 കോടി രൂപ വിറ്റുവരവ് നേടിയ ഹില്ലി അക്വ നടപ്പുസാമ്പത്തിക വർഷം ഇതുവരെ 7.6 കോടി രൂപ വിറ്റുവരവ് നേടിയിട്ടുണ്ട്. ഈ വർഷം 8.5 കോടി രൂപയാണ് കമ്പനി ലക്ഷ്യമിടുന്നത്. വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി സോഡയും ശീതളപാനീയങ്ങളും ഉൽപാദിപ്പിച്ച് വിതരണം ചെയ്യാൻ കിഡ്കിന് സർക്കാർ അനുമതി നൽകിക്കഴിഞ്ഞു. ഇതിനുള്ള പ്രവർത്തനങ്ങളും തുടങ്ങി.
Read Also: സിദ്ധാർഥന്റെ മരണം; സർവകലാശാലാ ഹോസ്റ്റലിൽ മുഖ്യ പ്രതിയുമായി തെളിവെടുപ്പ്