തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ പ്രോസിക്യൂഷൻ തെളിവെടുപ്പ് പൂർത്തിയായി.
കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയ്ക്കും, രണ്ടാം പ്രതി സിന്ധുവിനും, മൂന്നാം പ്രതി നിർമ്മല കുമാരൻ നായർക്കും എതിരെ ആകെ 95 സാക്ഷികളെയാണ് കോടതിയിൽ വിസ്തരിച്ചത്.
2022 ഒക്ടോബർ പതിനാലിനാണ് ഒന്നാം പ്രതി ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി നൽകി കാമുകനായ ഷാരോൺ രാജിനെ കൊലപ്പെടുത്തിയത്. മരിച്ച ഷാരോണും ഗ്രീഷ്മയും വർഷങ്ങളായി പ്രണയത്തിലായിരുന്നു. 3 പ്രതികൾക്കെതിരെ 323 രേഖകളും, 51 തൊണ്ടിമുതലുകളുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്.
മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിക്കുകയായിരുന്നു. പലപ്പോഴായി ശീതളപാനീയത്തിൽ ഗുളികകൾ കലർത്തി നൽകിയെങ്കിലും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഷാരോണ്‍ പക്ഷെ ചികിത്സക്ക് ശേഷം സുഖം പ്രാപിച്ചു. ഒടുവിൽ വിദഗ്ധമായി വീട്ടിൽ വിളിച്ചുവരുത്തി കഷായത്തിൽ കളനാശിനി കലർത്തി നൽകി കൊലപ്പെടുത്തുകയായിരുന്നു.
2022 ഒക്ടോബർ 14ന് രാവിലെയാണ് പളുകിലുളള വീട്ടിലേക്ക് ഗ്രീഷ്മ, ഷാരോണിനെ വിളിച്ചുവരുത്തിയത്. സാവധാനത്തിൽ ആന്തരികാവയവങ്ങളെ ബാധിക്കുന്ന വിഷം ഇന്റർനെറ്റിൽ പരതി ഗ്രീഷ്മ കണ്ടെത്തിയിരുന്നു. വിദ്ഗ്ധമായി വിഷം കലക്കിയ കഷായം ഷാരോണിനെ കൊണ്ട് കുടിപ്പിച്ചുവെന്നാണ് പൊലീസ് കുറ്റപത്രത്തിൽ ഉള്ളത്. 11 ദിവസത്തിന് ശേഷമാണ് ആശുപത്രിയിൽ വച്ച് ഷാരോണ്‍ മരിക്കുന്നത്.