കൽപറ്റ: വയനാട് ലോക്സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ സ്വത്ത് വിവരങ്ങൾ പുറത്ത്. നാമനിർദേശ പത്രികയ്‌ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണ് സ്വത്തു വിവരങ്ങൾ അറിയിച്ചത്. 4.24 കോടി രൂപയുടെ നിക്ഷേപമുണ്ട്. ഇതിൽ 3.67 ലക്ഷം രൂപ 3 ബാങ്കുകളിലായാണുള്ളത്. ബാക്കി തുക നിക്ഷേപിച്ചിരിക്കുന്നത് മ്യൂച്ചൽ ഫണ്ടുകളിലും ഓഹരികളിലുമാണ്. 52,000 രൂപയാണ് പ്രിയങ്കയുടെ കൈവശമുള്ളത്.(Priyanka Gandhi Declares Assets Worth Rs 4.24 Crore in Wayanad By-election)
2.10 കോടി രൂപയുടെ ഭൂസ്വത്ത്, 1.15 കോടി രൂപയുടെ സ്വർണം, 29.55 ലക്ഷം രൂപയുടെ വെള്ളി, എന്നിങ്ങനെയാണു മറ്റ് ആസ്തികൾ. 2004 മോഡൽ ഹോണ്ട സിആർവി കാറും സ്വന്തമായുണ്ട്. 15.75 ലക്ഷം രൂപയാണ് പ്രിയങ്കാ ഗാന്ധിയുടെ കടബാധ്യത. മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലായി മൂന്നു കേസുകളും പ്രിയങ്കയ്ക്കെതിരെയുണ്ട്. ഭർത്താവ് റോബർട്ട് വാധ്‍രയ്ക്ക് 37.91 കോടി രൂപയുടെ നിക്ഷേപമുണ്ടെന്നും നാമനിർദേശ പത്രികയിൽ പറയുന്നു.
ഇന്ന് ഉച്ചയോടെയാണ് പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചത്. അമ്മ സോണിയ ഗാന്ധി, സഹോദരൻ രാഹുൽ ഗാന്ധി, ഭർത്താവ് റോബർട് വാധ്‌ര, മകൻ റെയ്ഹാൻ വാധ്‌ര എന്നിവരും നാമനിർദേശ പത്രിക സമർപ്പിക്കാൻ പ്രിയങ്കയ്ക്കൊപ്പമുണ്ടായിരുന്നു.