തൃശൂർ: സംസ്ഥാനത്ത് അനിശ്ചിതകാല സമരത്തിനൊരുങ്ങി സ്വകാര്യ ബസുടമകൾ. വിദ്യാർഥികളുടെ മിനിമം ചാർജ് ഒരു രൂപയിൽ നിന്ന് 5 രൂപയാക്കി ഉയർത്തണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
ജൂലൈ 22 മുതൽ അനിശ്ചിതകാല സമരം നടത്തും. ഇതിനു മുന്നോടിയായി 8ന് സൂചനാ സമരം നടത്തും എന്നും ബസുടമകൾ അറിയിച്ചു.
നിരക്കു വർധന ഉൾപ്പെടെ ഉന്നയിക്കുന്ന ആറു പ്രധാന ആവശ്യങ്ങളിൽ തീരുമാനമില്ലാത്ത പക്ഷം അനിശ്ചിതകാല സമരത്തിലേക്കു നീങ്ങും എന്നുമാണ് ബസുടമകളുടെ നിലപാട്.
ഇന്ന് തൃശൂരില്‍ ചേര്‍ന്ന ബസ് ഉടമകളുടെ സംയുക്തസമിതി യോഗമാണ് അനിശ്ചിതകാല സമരം നടത്താൻ തീരുമാനം എടുത്തത്.
പൊതു യാത്രാനിരക്ക് കൂട്ടണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും വിദ്യാർഥികളുടെ യാത്രാനിരക്ക് 50 ശതമാനമാക്കി നിജപ്പെടുത്തണമെന്ന ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കാനാണ് ആവശ്യപ്പെടുന്നതെന്നും ബസുടമ സംയുക്ത സമരസമിതി പറഞ്ഞു.
പൊതു യാത്രാനിരക്ക് വർധന കൊണ്ട് സ്വകാര്യ ബസുടമകളേക്കാൾ നേട്ടമുണ്ടാകുന്നത് കെഎസ്ആർടിസിക്കു മാത്രമാണെന്നും സമരസമിതി അംഗങ്ങൾ ആരോപിച്ചു.
140 കിലോമീറ്റർ ദൂരത്തിലധികം സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകാനുള്ള നടപടി സ്വീകരിക്കുക, വിദ്യാർഥികളുടെ കൺസഷൻ കാർഡ് വിതരണം കാലോചിതമായി പരിഷ്കരിക്കുക, ബസ് ഉടമകൾക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന അശാസ്ത്രീയമായ നടപടികൾ പിൻവലിക്കുക,
ബസ് ഉടമകളിൽ നിന്ന് അമിതമായി പിഴ ഈടാക്കുന്ന നടപടികൾ അവസാനിപ്പിക്കുക, ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) വേണമെന്ന ഉത്തരവ് പുനഃപരിശോധിക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങളെന്ന് വൈസ് ചെയർമാൻ ഗോകുലം ഗോകുൽദാസ് വ്യക്തമാക്കി.
Summary: Private bus owners in Kerala are preparing for an indefinite strike, demanding an increase in the student minimum fare from ₹1 to ₹5. The protest aims to address rising operational costs.









