ട്രംപ് ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് പകരച്ചുങ്കം ഏർപ്പെടുത്തിയതോടെ ഫോണുകൾ , ലാപ്‌ടോപ്പുകൾ, ടാബലറ്റുകൾ, സ്മാർട്ട് വാച്ചുകൾ എന്നിവയ്ക്ക് യു.എസ്.ലും യൂറോപ്പിലും വില കുതിച്ചു കയറും. ഇവയിൽ പലതും ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്നവയാണ് എന്നത് തന്നെ കാരണം.
145 ശതമാനം നികുതിയാണ് ചൈനീസ് വസ്തുക്കൾക്ക് നിലവിൽ ചുമത്തുന്നത്. താരിഫുകൾ ഡോളറിന്റെ മൂല്യത്തെ ബാധിച്ചാൽ ലോകമെമ്പാടുമുള്ള ഇലക്ട്രോണിക് വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിന് യൂറോപ്പിലും ചെലവേറും.
താരിഫുകൾ തുടർന്നാൽ അടുത്ത പ്രവർത്തന കാലം ആരംഭിക്കുമ്പോൾ ആപ്പിൾ ഐ ഫോണിന് ആഗോള തലത്തിൽ തന്നെ വില ഉയർത്തിയേക്കാം. യൂറോപ്പിൽ കുറഞ്ഞ വിലയ്ക്ക് ആളുകൾ വാങ്ങി യു.എസ്.ൽ വിറ്റേക്കാം എന്നതിനാലാണ് ആഗോള തലത്തിൽ തന്നെ കമ്പനി വില ഉയർത്തുക.
ഐ.ഫോണുകൾ 80 ശതമാനവും നിർമിക്കുന്നത് ചൈനയിലും 20 ശതമാനം നിർമിക്കുന്നത് ഇന്ത്യയിലുമാണ്. ഇന്ത്യയ്ക്കും ട്രംപ് പകരച്ചുങ്കം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയ്ക്ക് ഏർപ്പെടുത്തിയ പകരച്ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ചതിനാൽ ആപ്പിൾ ഇന്ത്യയിലെ നിർമാണം വർധിപ്പിക്കുകയാണെന്ന് റിപ്പോർട്ടുണ്ട്.
ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് യൂ.എസ്.ലേയ്ക്ക് പൂർണ തോതിലുള്ള നിർമാണം മാറ്റാൻ ആപ്പിളിന് 30 ബില്യൺ ഡോളറാണ് ചെലവ് വരിക. മാത്രമല്ല ഇതിനായി വർഷങ്ങൾ എടുക്കുകയും ചെയ്യും.