ലോകായുക്ത നിയമഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ലോകായുക്ത ബില്ലിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പുവച്ചു. സംസ്ഥാന നിയമസഭ പാസാക്കി അയച്ച ലോകായുക്തയുമായി ബന്ധപ്പെട്ട നിലപാട് അംഗീകരിക്കപ്പെട്ടത് സംസ്ഥാന സര്‍ക്കാരിന് നേട്ടമാകുകയാണ്. സർക്കാരും ഗവർണറും തമ്മിലുള്ള പോരിനിടെയാണ് ബില്ലിൽ തീരുമാനമെടുക്കാനായി ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിക്ക് അയച്ചത്. സെക്ഷൻ 14 പ്രകാരമുള്ള ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്നതായിരുന്നു ബിൽ. ഓഗസ്റ്റിലാണു നിയമസഭ ലോകായുക്ത ഭേദഗതി ബിൽ പാസാക്കിയത്. ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്ന ബില്ലാണിത്. നിയമഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു ഗവർണറുടെ വാദം. ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കാത്തത് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിക്കുകയും ഈ ഹര്‍ജി പരിഗണിക്കുന്നതിന്റെ തലേന്ന് ഗവര്‍ണര്‍ ബില്‍ രാഷ്ട്രപതിയ്ക്ക് അയയ്ക്കുകയുമായിരുന്നു.