ആലപ്പുഴയിൽ നിർമാണത്തിലിരുന്ന ഓടയിൽ വീണു ഗർഭിണിക്ക് പരിക്ക്. നാലു മാസം ഗർഭിണിയായ യുവതിയാണ് ഇന്ദിരാ ജങ്ഷനിൽ അപകടത്തിൽപ്പെട്ടത്. ഓടയ്ക്ക് അപ്പുറമുള്ള കടയിൽ വസ്ത്രം വാങ്ങാൻ ഭർത്താവിനൊപ്പം എത്തിയപ്പോഴായിരുന്നു അപകടം. Pregnant woman was injured after falling into a drain under construction in Alappuzha.
വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഓടയ്ക്ക് മുകളിൽ സ്ഥാപിച്ചിരുന്ന പലക തകർന്നാണ് യുവതിയ്ക്ക് അപകടമുണ്ടായത്. കാലിനു ചെറിയ തോതിൽ പരുക്കേറ്റതല്ലാതെ യുവതിയ്ക്ക് മറ്റ് പ്രശ്നങ്ങളില്ല.
അപകടമുണ്ടായ ശേഷം പ്രദേശവാസികളും വ്യാപാരികളും പ്രതിഷേധിച്ചതോടെ ഓടയ്ക്ക് മുകളിൽ ഇന്ന് രാവിലെയോടെ സ്ലാബ് സ്ഥാപിച്ചു.
ഒട്ടും കട്ടിയില്ലാത്ത പലകയാണ് ഓടയ്ക്ക് മുകളിൽ സ്ഥാപിച്ചിരുന്നതെന്നും യാതൊരു സുരക്ഷ മുൻകരുതലുകളും ഉണ്ടായിരുന്നില്ലെന്നും വ്യാപാരികൾ പറഞ്ഞു. മൂന്ന് ആഴ്ചയോഴമായി ഓടയ്ക്ക് മുകളിൽ പലക സ്ഥാപിച്ച നിലയിലായിരുന്നു. നേരത്തെയും ഇവിടെ അപകടമുണ്ടായിട്ടുണ്ട്.