സാന്‍ കാര്‍ലോസ് മേയറായി പ്രണിത വെങ്കിടേഷ്; ഇന്ത്യന്‍ വംശജയായ മേയര്‍
കാലിഫോർണിയ ∙ അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാനത്തെ സാൻ കാർലോസ് നഗരത്തിന്റെ മേയറായി ഇന്ത്യൻ വംശജയായ പ്രണിത വെങ്കിടേഷ് തെരഞ്ഞെടുക്കപ്പെട്ടു.
ഫിജിയിൽ ജനിച്ച, പിന്നീട് അമേരിക്കയിൽ വളർന്ന പ്രണിതയുടെ വിജയം ഇന്ത്യൻ സമൂഹത്തിനിടയിൽ വലിയ അഭിമാനമായി മാറിയിരിക്കുകയാണ്.
അടുത്തിടെ ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനായ സൊഹ്‌റാൻ മംദാനി നേടിയ ചരിത്ര വിജയം വ്യാപകമായി ആഘോഷിക്കപ്പെട്ടിരുന്നു.
അതിന് പിന്നാലെയാണ് മറ്റൊരു ഇന്ത്യൻ വംശജയുടെ ശ്രദ്ധേയമായ നേട്ടം കൂടി അമേരിക്കൻ രാഷ്ട്രീയത്തിൽ രേഖപ്പെടുത്തപ്പെട്ടത്.
സാൻ കാർലോസ് സിറ്റി കൗൺസിലിന്റെ ഏകകണ്ഠമായ പിന്തുണയോടെയാണ് ഡിസംബർ എട്ടിന് പ്രണിത വെങ്കിടേഷ് ഔദ്യോഗികമായി മേയർ പദവി ഏറ്റെടുത്തത്.
നഗരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർമാരിൽ ഒരാളാണ് അവർ. യുവത്വവും പുതിയ കാഴ്ചപ്പാടുകളും നഗരഭരണത്തിൽ കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് പ്രണിതയുടെ നേതൃത്വത്തെ നഗരവാസികൾ നോക്കിക്കാണുന്നത്.
മാതാപിതാക്കൾ ഇന്ത്യക്കാരായിരുന്നുവെങ്കിലും പ്രണിതയുടെ ജനനം ഫിജിയിലായിരുന്നു. നാലാം വയസിൽ കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയ അവർ കാലിഫോർണിയയിലാണ് വളർന്നത്.
വിദ്യാഭ്യാസ രംഗത്തും പ്രണിത മികച്ച നേട്ടങ്ങൾ കൈവരിച്ചു. ബാച്ചിലർ ബിരുദത്തിനൊപ്പം ശിശുവികസനത്തിലും ക്ലിനിക്കൽ സൈക്കോളജിയിലും ബിരുദാനന്തര ബിരുദങ്ങളും അവർ നേടി.
സാന്‍ കാര്‍ലോസ് മേയറായി പ്രണിത വെങ്കിടേഷ്; ഇന്ത്യന്‍ വംശജയായ മേയര്‍
ഈ അക്കാദമിക് പശ്ചാത്തലമാണ് സാമൂഹിക വിഷയങ്ങളോട് കൂടുതൽ ഉത്തരവാദിത്തത്തോടെയുള്ള സമീപനം സ്വീകരിക്കാൻ സഹായിച്ചതെന്ന് അടുത്തവൃത്തങ്ങൾ പറയുന്നു.
പൊതുസേവന രംഗത്തേക്ക് കടക്കുന്നതിന് മുൻപ് പ്രണിത സാൻ കാർലോസിലെ ഒരു ചെറുകിട ബിസിനസ് ഉടമയായും പ്രവർത്തിച്ചിരുന്നു.
കൂടാതെ ഈസ്റ്റ് പോളോ ആൾട്ടോയിൽ ചൈൽഡ് സൈക്കോളജിസ്റ്റായും അവർ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
സാമൂഹിക പ്രശ്നങ്ങളോടുള്ള അടുപ്പവും സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായി നേരിട്ടുള്ള ഇടപെടലുകളും പ്രണിതയെ പൊതുപ്രവർത്തനത്തിലേക്ക് നയിച്ചു.
2022-ൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പിന്തുണയോടെയാണ് പ്രണിത ആദ്യമായി സാൻ കാർലോസ് സിറ്റി കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
കൗൺസിലിലെ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധ നേടിയതിന്റെ തുടർച്ചയായാണ് മേയർ പദവിയിലേക്കുള്ള ഉയർച്ച.
വിജയത്തിന് ശേഷം പ്രാദേശിക വാർത്താ മാധ്യമമായ സ്കട്ട് സ്‌കൂപ്നോട് സംസാരിച്ച പ്രണിത, സാൻ കാർലോസിനായി ആത്മാർഥതയോടെയും ഉത്തരവാദിത്തത്തോടെയും പ്രവർത്തിക്കുമെന്ന് ഉറപ്പു നൽകി.
പൊതുസുരക്ഷ, ശിശു സംരക്ഷണം, സാമ്പത്തിക സ്ഥിരത, അടിസ്ഥാന സൗകര്യ വികസനം എന്നിവയാണ് തന്റെ മുൻഗണനകളെന്ന് അവർ വ്യക്തമാക്കി.
പ്രണിതയുടെ വിജയം അമേരിക്കൻ രാഷ്ട്രീയത്തിൽ ഇന്ത്യൻ വംശജരുടെ സാന്നിധ്യം കൂടുതൽ ശക്തമാകുന്നുവെന്നതിന്റെ മറ്റൊരു ഉദാഹരണമായി വിലയിരുത്തപ്പെടുന്നു.









