തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് അറസ്റ്റിലായ പി പി ദിവ്യ സെനറ്റ് അംഗമായി തുടരുന്നതിൽ കണ്ണൂർ സർവകലാശാല വി സിയോട് വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഒരാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നിർദേശം. പൊതുപ്രവര്‍ത്തകനും ഹൈക്കോടതി അഭിഭാഷകനുമായ കുളത്തൂര്‍ ജയ്‌സിങ് നല്‍കിയ പരാതിയിലാണ് ഗവർണറുടെ നടപടി.(PP Divya’s Senate membership; Governor sought explanation from Kannur University VC)
ജില്ലാ പഞ്ചായത്ത് പ്രസിഡന്റെന്ന നിലയില്‍ സര്‍ക്കാരാണ് ദിവ്യയെ സെനറ്റ് അംഗമായി ശിപാര്‍ശ ചെയ്തത്. എന്നാൽ നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ ദിവ്യ പ്രസിഡന്റ് സ്ഥാനം രാജി വെച്ചിരുന്നു. വൈസ് ചാന്‍സലറുടെ വിശദീകരണം കൂടി വന്നശേഷം സെനറ്റ് അംഗം എന്ന നിലയില്‍ നിന്നും ദിവ്യയെ നീക്കം ചെയ്യാനാണ് സാധ്യത.
പി പി ദിവ്യ സെനറ്റ് അംഗത്വത്തില്‍ തുടരുന്നത് ചട്ടലംഘനം എന്നും പി പി ദിവ്യയെ സെനറ്റ് അംഗത്വത്തില്‍ നിന്ന് ഉടന്‍ നീക്കണമെന്നും ആണ് ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.