ചെന്നൈ: പോത്തീസ് വസ്ത്രവിൽപ്പനശാലാ ശൃംഖലയുടെ സ്ഥാപകൻ കെവിപി സടയാണ്ടി മൂപ്പനാർ അന്തരിച്ചു. 84 വയസായിരുന്നു. തമിഴ്നാട്ടിലെ ശ്രീവില്ലിപുത്തൂരിൽ നെയ്ത്തുകാരുടെ കുടുംബത്തിലാണ് സടയാണ്ടി മൂപ്പനാരുടെ ജനനം. സ്വന്തമായി നെയ്ത തുണിത്തരങ്ങൾ വിൽക്കാൻ അച്ഛൻ കെവി പോത്തി മൂപ്പനാർ 1923-ൽ ‘പോത്തി മൂപ്പനാർ’ എന്ന പേരിൽ കട തുടങ്ങിയിരുന്നു.
1977ൽ സടയാണ്ടി മൂപ്പനാർ കടയുടെ പേര് ‘പോത്തീസ്’ എന്നാക്കി മാറ്റിയത്. ആദ്യം പട്ടുസാരികൾ മാത്രമാണ് വിറ്റത്. ദിവസം 50 രൂപ ലാഭം പ്രതീക്ഷിച്ച് തുടങ്ങിയ കടയുടെ വിറ്റുവരവ് ആയിരങ്ങളിലേക്കും ലക്ഷങ്ങളിലേക്കും കടന്നപ്പോൾ 1986-ൽ തിരുനെൽവേലിയിൽ രണ്ടാമത്തെ ഷോറൂം തുറന്നു. ഇപ്പോൾ കൊച്ചിയും തിരുവനന്തപുരവും ഉൾപ്പെടെ 13 സ്ഥലങ്ങളിൽ പോത്തീസിന് ശാഖകളുണ്ട്. 2017-ൽ രാജ്യത്തെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ പട്ടികയിൽ സടയാണ്ടി മൂപ്പനാർ ഇടംപടിച്ചു. മക്കളും കൊച്ചുമക്കളുമാണ് ഇപ്പോൾ പോത്തീസിന് നേതൃത്വംനൽകുന്നത്.